ബി.ജെ.പിക്കെതിരെ വീണ്ടും വരുൺ ഗാന്ധി; ഇക്കുറി ആയുധമാക്കിയത് വാജ്പേയിയുടെ പ്രസംഗം
text_fieldsന്യൂഡല്‍ഹി: മോദി സർക്കാറിനും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും എതിരെ തുടർച്ചയായി പ്രഹരമേൽപിച്ച് പാർട്ടി നേതാവും പിലിഭിത്ത് എം.പിയുമായ വരുൺ ഗാന്ധി. ഇക്കുറി മുൻപ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ കർഷകർക്കനുകൂലമായ പ്രസംഗവുമായാണ് വരുൺ രംഗത്തെത്തിയത്.
ലഖിംപുര്‍ ഖേരിയിൽ സമരംചെയ്ത കർഷകർക്കുനേെര കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ വാഹനം ഓടിച്ചു കയറ്റി നാലുപേരെ െകാലപ്പെടുത്തിയ സംഭവത്തിനെതിരെ കടുത്ത നിലപാടുമായി വരുൺ ഗാന്ധി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി വേണമെന്നാവശ്യപ്പെടുകയും കര്‍ഷക സമരത്തെ പിന്തുണക്കുകയും ചെയ്ത വരുണിനെയും മാതാവ് മനേക ഗാന്ധിയെയും ബി.ജെ.പി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വാജ്പേയിയുടെ പഴയ വിഡിയോ ട്വീറ്റ് ചെയ്തത്.
'ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ട. കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക മുന്നേറ്റത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ കര്‍ഷകരുടെ സമാധാനപരമായ മുന്നേറ്റത്തെ അവഗണിക്കാനോ ശ്രമിച്ചാല്‍ ഞങ്ങളും ആ മുന്നേറ്റത്തിന്‍റെ ഭാഗമാകും' എന്നാണ് പ്രസംഗം.
Wise words from a big-hearted leader… pic.twitter.com/xlRtznjFAx
— Varun Gandhi (@varungandhi80) October 14, 2021
വലിയ മനസ്സുള്ള നേതാവിന്‍റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1980ല്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നെന്നാരോപിച്ച് അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിന് വാജ്‌പേയി മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയോയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനം കര്‍ഷകര്‍ക്ക് നേരെ ഇടിച്ചുകയറ്റി കൊല്ലുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെയായിരുന്നു ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കിയത്. 'ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം'- എന്ന കുറിപ്പും അദ്ദേഹം വിഡിയോയ്ക്കൊപ്പം ട്വീറ്റ് ചെയ്തിരുന്നു.
കർഷകരുടെ വിഷയം ഹിന്ദു-സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ അഭിപ്രായപ്പെട്ടിരുന്നു. സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്തുതാവിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഉപകരിക്കൂ. നമ്മൾ ദേശീയ ഐക്യം മറന്ന് വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'- എന്നായിരുന്നു എം.പിയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.