മഹാരാഷ്ട്രയിൽ ബി.ജെ.പി പരാജയം ഉറപ്പിച്ചു: കള്ളപ്പണ വിതരണം പരാജയഭീതിയിൽ -രമേശ് ചെന്നിത്തല
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി തോൽവി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപ്പണം വിതരണം ചെയ്യാൻ അവർ ഇറങ്ങിയതെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മഹാരാഷ്ട്ര എ.ഐ.സി.സി ഇൻചാർജുമായ രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ അഞ്ചു കോടി രൂപയുടെ കള്ളപ്പണവുമായി ജനക്കൂട്ടം കൈയോടെ പിടികൂടിയിരിക്കുന്നു. പരാജയഭീതി പൂണ്ട ബി.ജെ.പി സംസ്ഥാനമൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്ക് വാങ്ങി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപ ഇവർ ഒഴുക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഭരണ സംവിധാനത്തെ ഒട്ടാകെ ഇതിനായി ഉപയോഗിക്കുകയാണ്. പോലീസ് വാഹനങ്ങളിൽ കള്ളപ്പണം കടത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി മഹാവികാസ് അഗാഡി നേതാക്കൾ ഇലക്ഷൻ കമീഷനും സംസ്ഥാന സർക്കാരിനും പരാതി നൽകിയെങ്കിലും ഒന്നുമുണ്ടായില്ല.
സംസ്ഥാനമൊട്ടാകെ ഒഴുക്കിയ കള്ളപ്പണത്തിന്റെ വിവരശേഖരം നടത്താൻ ഇലക്ഷൻ കമീഷൻ തയ്യാറാകണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഈ ശ്രമത്തിനെതിരെ ആത്മാഭിമാനമുള്ള മഹാരാഷ്ട്രീയർ ശക്തമായി പ്രതികരിക്കും - ചെന്നിത്തല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.