ആ കുഴൽപ്പണം എത്തിയത് ആർക്ക്; എല്ലാം പൊലീസിന് അറിയാമെന്ന് മുഖ്യമന്ത്രി, രാഷ്ട്രീയ പാർട്ടി ബന്ധം പറയാതെ പൊലീസ്
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണചെലവിനെത്തിച്ച ദേശീയ പാർട്ടിയുടെ മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. കോഴിക്കോട് സ്വദേശിയായ മുഖ്യപ്രതി, ക്വട്ടേഷൻ എടുത്ത കണ്ണൂർ സ്വദേശി എന്നിവർ കൂടി പിടിയിലായാൽ പാർട്ടി നേതാക്കളുമായുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ കോഴിക്കോട് സ്വദേശി ധർമരാജിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. രണ്ട് കാറുകളിലാണ് സംഘം പുറപ്പെട്ടത്. വഴിയിൽ പൊലീസ് പരിശോധനയോ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയോ ഉണ്ടോയെന്നത് പരിശോധിക്കാനായി പൈലറ്റ് വാഹനവും അതിന് പിന്നിൽ പണമടങ്ങിയ കാറുമാണ് ഉണ്ടായിരുന്നത്. അപകടവും കാർ തട്ടിയെടുത്ത വിവരവും കാറിലുണ്ടായിരുന്ന ഡ്രൈവർ ആണ് ധർമരാജിനെ വിളിച്ചറിയിച്ചത്. പിന്നീട് ഇക്കാര്യമറിയിക്കാൻ ആദ്യം വിളിച്ചത് തൃശൂർ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാവിനെയായിരുന്നു. ഒന്നിലധികം തവണ ഈ നമ്പറിലേക്ക് വിളി പോയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഇതിനിടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരോപണ വിധേയനായ ജില്ല നേതാവുൾപ്പെടെ രണ്ടുപേർ കണ്ണൂരിലെത്തി പിടികിട്ടാനുള്ള മുഖ്യപ്രതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പാർട്ടി സംസ്ഥാന നേതാവിെൻറ അറിവോടെയാണ് ഈ യാത്രയെന്നാണ് പറയുന്നത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ പൊലീസ് ശേഖരിച്ചു.
സംഭവത്തിെൻറ തലേന്ന് ഏപ്രിൽ രണ്ടിന് രാത്രി ഏറെ വൈകിയും സംഘത്തിലെ ആരോപണ വിധേയരുൾപ്പെടെ നേതാക്കൾ തൃശൂരിൽ ചിലവഴിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ആരോപണം ശക്തമായ സാഹചര്യത്തിൽ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയും അന്വേഷണം തുടങ്ങി. മുൻ ഡി.ജി.പിയോടും ഉന്നത പൊലീസ് ഉദ്യോഗസ്ഥനോടുമാണ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. സർവീസിൽ ഇല്ലെങ്കിലും ഇരുവർക്കും പൊലീസിൽ ഇപ്പോഴും വലിയ സ്വാധീനമുള്ളതിനാലാണ് ഇരുവരെയും അന്വേഷണത്തിനായി നിയോഗിക്കാൻ കാരണം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇരുവരും ഇരിങ്ങാലക്കുടയിൽ പ്രാഥമിക പരിശോധനക്കായി കൂടിയിരുന്നതായി അറിയുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴ് പേരെയും ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രാഷ്ട്രീയ പാർട്ടി സംബന്ധിച്ചോ, ആർക്ക് വേണ്ടി പണം കടത്തി എന്നത് സംബന്ധിച്ചോ സൂചനകളൊന്നുമില്ലാതെയാണ് റിമാൻഡ് റിപ്പോർട്ട്. വാഹനത്തിൽ നിന്നും ആയുധങ്ങളടക്കമുള്ളവ കണ്ടെടുത്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒളിവിലുള്ള മൂന്ന് പേർ ഒന്നു മുതൽ മൂന്ന് വരെ പ്രതികളാണ്. ഇവർ നിരീക്ഷണത്തിലായെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
നിലവിൽ രാഷ്ട്രീയ പാർട്ടി ബന്ധം പൊലീസ് പുറത്ത് പറയുന്നില്ലെങ്കിലും ഗൂഢാലോചനയടക്കം എല്ലാം അന്വേഷിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു.
പണം ആർക്കുവേണ്ടിയുള്ളതെന്ന് പൊലീസിനറിയാം –മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് പണം കൊണ്ടുവന്നത് ഏത് പാർട്ടിക്ക് വേണ്ടിയാണെന്ന് െപാലീസിന് കൃത്യമായ വിവരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി. തട്ടിയെടുത്ത പണം ബി.ജെ.പിക്കുള്ളതായിരുെന്നന്ന് സി.പി.എം ആരോപിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമീഷന് ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിലോ എഫ്.െഎ.ആറിലോ ഒരു പാർട്ടിയുടെയും പേര് പറയാത്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എങ്ങനെ വന്ന പണമാണ് എന്നത് സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരങ്ങളുണ്ട്. ആ വിവരങ്ങൾ എന്തുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്താത്തെതന്ന് തനിക്കറിയില്ല. നിഷ്ക്കളങ്കമായി പറഞ്ഞതാണോ എന്നും അറിയില്ല. ഇക്കാര്യത്തിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസുകാർക്കും പങ്കെന്ന് സംശയം; ആഭ്യന്തരതല അന്വേഷണം നടത്തി
തൃശൂർ: കുഴൽപ്പണ കവർച്ച കേസിൽ പൊലീസുകാർക്കും പങ്കെന്ന് സംശയം. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർക്ക് ഇതിൽ പങ്കുണ്ടെന്നാണ് പറയുന്നത്. ഒരാൾ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ജേതാവുമാണത്രെ. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽ നിന്നാണ് തട്ടിപ്പിന് പൊലീസിലും ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സംഘത്തിലെ പ്രധാനിക്ക് പൊലീസിലെ ബന്ധമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. പണവുമായി കാർ ഇരിങ്ങാലക്കുട വഴി കടന്നുപോകുന്നുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു സംഘത്തിലെ പ്രധാനി പൊലീസിനോട് ആവശ്യപ്പെട്ടത്. ഗുണ്ടാസംഘം കാറിനെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി വഴി തിരിച്ച് വിട്ടാൽ കൊടുങ്ങല്ലൂർ േറാഡിലെ എറണാകുളം അതിർത്തിയിൽ പിടിക്കണമെന്നും കാർ ചാലക്കുടി വഴി പോകുകയാണെങ്കിൽ ഇടപെടേണ്ടതില്ലെന്നും പറഞ്ഞു. ഇതിനായി 10,000 രൂപ മുൻകൂറായി പൊലീസുകാരന് നൽകിയെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.