ദീപാവലി ദിനത്തിലും ഡൽഹിയെ പുതഞ്ഞ് പുകമഞ്ഞ്; വായു മലിനീകരണം അതിരൂക്ഷം
text_fieldsന്യൂഡൽഹി: വായു മലിനീകരണം കുറക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴും രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം ശോചനീയാവസ്ഥയിൽ തുടരുന്നു. ദീപാവലി ദിനത്തിലും രാവിലെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കടുത്ത പുകമഞ്ഞാണ് കാണാനാകുന്നത്. വായു ഗുണനിലവാര സൂചിക പൂജ്യത്തിനും 50നും ഇടയിൽ നിൽക്കേണ്ടയിടത്ത്, വ്യാഴാഴ്ച രാവിലെ 400നു മുകളിലാണ് ഡൽഹിയിൽ പലയിടത്തും രേഖപ്പെടുത്തിയത്.
ആനന്ദ് വിഹാറിൽ 419 ആണ് വായു ഗുണനിലവാര സൂചിക. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അലിപൂർ, അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ഐ.ജി.ഐ എയർപോർട്ട് (ടി3), ജഹാംഗീർപുരി, മുണ്ട്ക, നരേല, ഓഖ്‌ല, പട്‌പർഗഞ്ച്, പഞ്ചാബി ബാഗ്, രോഹിണി, ആർ.കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാകാൻ സാധ്യതയുണ്ടെന്നും, എന്നാൽ പടക്കം പൊട്ടിക്കൽ, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായാൽ അത് ‘ഗുരുതര’ വിഭാഗത്തിലേക്ക് എത്തുമെന്നും ട്രോപ്പിക്കൽ മീറ്റിയോറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പുണ്ട്.
അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ഒക്ടോബർ, നവംബർ മാസങ്ങളിലെ വിളവെടുപ്പിനു ശേഷമുള്ള സമയങ്ങളിൽ വൈക്കോൽ കത്തിക്കുകയോ കൃഷിയിടത്തിന് തീയിടുകയോ ചെയ്യുന്നത് ഡൽഹിയിലെ മലിനീകരണ തോത് വർധിക്കാൻ പലപ്പോഴും കാരണമാവുന്നു. ദീപാവലി ദിനത്തിൽ രാജ്യതലസ്ഥാനത്തുടനീളം പടക്ക നിരോധനം നടപ്പാക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. അതത് ജില്ലകളിൽ പടക്കം പൊട്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുഗതാഗതം ഉപയോഗിക്കാനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ എയർ ഫിൽറ്ററുകൾ പതിവായി മാറ്റിസ്ഥാപിക്കാനും ഒക്ടോബർ മുതൽ ജനുവരി വരെ പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഖരമാലിന്യങ്ങളും ജൈവമാലിന്യങ്ങളും തുറന്ന് കത്തിക്കുന്നത് ഒഴിവാക്കണമെന്നും ഡൽഹി നിവാസികൾക്ക് നിർദേശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.