പ്രവാചക നിന്ദ: നൂപുർ ശർമയുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
ഇത് ലളിതവും നിരുപദ്രവകരവുമാണെന്ന് തോന്നുമെങ്കിലും ദൂരവ്യാപകമായ അനന്തരഫലങ്ങളുണ്ടെന്നും ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ ഹരജി പിൻവലിക്കാൻ നിർദേശിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേതുടർന്ന് ഹരജിക്കാരൻ ഹരജി പിൻവലിക്കുകയും കോടതി ഹരജി തള്ളുകയും ചെയ്തു.
അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിൽ ബെഞ്ച് വിമുഖത പ്രകടിപ്പിച്ചപ്പോൾ, ആൾക്കൂട്ട കൊലപാതകം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തഹ്‌സീൻ പൊന്നാവല്ല വിധിയിലെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അബു സോഹെൽ എന്നയാളാണ് ഹരജിക്കാരൻ. അഭിഭാഷകനായ ചാന്ദ് ഖുറേജി മുഖാന്തിരമാണ് ഹരജി ഫയൽ ചെയ്തത്.
നേരത്തെ നൂപുർ ശർമക്കെതിരായ കേസുകളെല്ലാം ഡൽഹി പൊലീസിനു കീഴിലേക്ക് മാറ്റിക്കൊണ്ടു കോടതി ഉത്തരവിട്ടിരുന്നു. നൂപുർ ശർമാവയുടെ ആവശ്യത്തെ തുടർന്നായിരുന്നു നിർദേശം. സ്വകാര്യ ചാനലിലെ ചർച്ചക്കിടെയായിരുന്നു നൂപുർ ശർമ പ്രവാചക നിന്ദ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.