ഉത്തർപ്രദേശിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് ദാരുണാന്ത്യം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള സിരൗളിയിൽ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. സമീപത്തെ നാല് കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബറേലി റേഞ്ച് ഐ.ജി രാകേഷ് സിങ് ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണെന്ന് ഐ.ജി (സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ആറ് പേർ രാംനഗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും (സിഎച്ച്സി) ബറേലിയിലെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്.
സംസ്ഥാന ദ്രുതകർമ സേനയും അഗ്നിശമന സേനയും എത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പ്രാദേശികമായി നിർമിച്ച പടക്കങ്ങൾക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. അനധികൃതമായാണ് പടക്ക നിർമാണമെന്നും റിപ്പോർട്ടുകളുണ്ട്. മൂന്നു പേരുടെ മരണത്തിൽ അനുശോചിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്ന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.