മാൻഹോളിൽ നിന്ന് പുറത്തേക്കൊഴുകിയത് ചുവന്ന, രക്തസമാനമായ ദ്രാവകം; ആശങ്ക, പരിശോധനയിൽ കണ്ടെത്തിയത്...
text_fieldsഹൈദരാബാദ്: സിറ്റിയിലെ വെങ്കടാദ്രി നഗർ മേഖലയിൽ മാൻഹോളിൽ നിന്ന് പുറത്തേക്കൊഴുകിയത് ചുവന്ന ദ്രാവകം. രക്തം പോലെ ചുവന്ന ദ്രാവകം പുറത്തേക്കൊഴുകി തെരുവിലാകെ പടർന്നതോടെ ആളുകൾക്ക് ആശങ്കയായി. ഇതോടൊപ്പം ദുർഗന്ധവും സമീപവാസികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടും നേരിടുകയും ചെയ്തു.
ഇതോടെ ജനങ്ങൾ മുനിസിപ്പൽ അധികൃതരെ വിവരമറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ചുവന്ന ദ്രാവകത്തിന്‍റെ ഉറവിടം കണ്ടെത്തിയത്. ജീഡിമെട്ല ഇൻഡസ്ട്രിയൽ മേഖലക്ക് സമീപമാണ് വെങ്കടാദ്രി നഗർ. ഇവിടുത്തെ വ്യവസായ ശാലയിൽ നിന്നാണ് ചുവന്ന ദ്രാവകം പുറത്തെത്തിയതെന്ന് കണ്ടെത്തി.
ഇൻഡസ്ട്രിയൽ മേഖലയിലെ പല സ്ഥാപനങ്ങളും മലിനജലം സംസ്കരിക്കാതെ പൊതു ഓവുചാലിലേക്ക് തുറന്നുവിടുന്നതായി പരാതിയുണ്ടായിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയുമെടുത്തില്ല. ഇത്തരത്തിൽ ഡ്രെയിനേജിലേക്ക് തുറന്നുവിട്ടതാണ് ഫാക്ടറിയിൽ നിന്നുള്ള ചുവന്ന മലിനജലം. ഇത് ഓവുചാലിൽ കെട്ടിക്കിടന്ന് മാൻഹോളിലൂടെ പുറത്തേക്കൊഴുകുകയായിരുന്നു.
തെലങ്കാന പൊലൂഷൻ കൺട്രോൾ ബോർഡ് അധികൃതർ സ്ഥലത്തെത്തുകയും രാസമാലിന്യങ്ങൾ ഒഴുക്കുന്നത് തടയാൻ നടപടിയെടുക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.