‘ദ കേരള സ്റ്റോറി’ കാണാൻ പ്രേരിപ്പിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര പരിസരത്ത് ബോർഡ്
text_fieldsമംഗളൂരു: വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കാണാൻ പ്രേരിപ്പിച്ച് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര കവാടം പരിസരത്ത് അജ്ഞാതർ കൂറ്റൻ ബോർഡ് സ്ഥാപിച്ചു. മലയാളി ഭക്തജനങ്ങളെ മൂകാംബികയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡിൽ, ‘നിങ്ങളുടെ തലമുറകളും മൂകാംബിക മാതാവിന്റെ ഭക്തരാവണമെങ്കിൽ ദയവായി ദ കേരള സ്റ്റോറി സിനിമ കാണുക’ എന്നും കുറിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ തയാറാക്കിയ കൂറ്റൻ ബോർഡിൽ സിനിമയുടെ പോസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ദർശനത്തിനെത്തുന്ന ഭക്തരിൽ 60 ശതമാനവും മലയാളികളാണെന്നാണ് കണക്ക്.
മൂകാംബികാദേവി എന്നറിയപ്പെടുന്ന മാതൃദൈവത്തിന് സമർപ്പിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം. ലോകമെമ്പാടുമുള്ള ശക്തി ഉപാസകരുടെയും ഭഗവതി ഭക്തരുടെയും തീർഥാടന കേന്ദ്രം കൂടിയാണിത്. എല്ലാ ജാതിമതസ്ഥർക്കും ഇവിടെ ദർശനം അനുവദിനീയമാണ്. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" ഐക്യരൂപിണിയായ ആദിപരാശക്തിയാണ് മൂകാംബിക എന്ന പേരിൽ ആരാധിക്കപ്പെടുന്നത്. ആദിപരാശക്തിയുടെ അടയാളം എന്ന് കരുതപ്പെടുന്ന ശ്രീചക്ര പ്രതിഷ്ഠക്ക് ഇവിടെ അതീവ പ്രാധാന്യമുണ്ട്. പുരാതന കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്നാണ് സങ്കൽപം. മലയാളികൾ ധാരാളമായി ദർശനം നടത്തുന്നതിന് ഇതാണത്രെ കാരണം.
‘ക്ഷേത്രത്തിന് പുറത്തെവിടെങ്കിലും ആവാം ബോർഡ്, താൻ കണ്ടില്ല’ എന്നാണ് ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖർ ഷെട്ടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.