അഹിന്ദുക്കളുടെ വാഹനങ്ങൾ നിർത്തിയിടരുത് ! കർണാടകയിൽ ക്ഷേത്രത്തിന് സമീപം ബോർഡ് സ്ഥാപിച്ചു
text_fieldsബംഗലൂരു: കർണാടകയിൽ അഹിന്ദുക്കളുടെ വാഹനങ്ങൾ ക്ഷേത്രത്തിന് സമീപം നിർത്തിയിടരുതെന്ന വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ ബോർഡ് സ്ഥാപിച്ചു. ബെൽത്തങ്ങാടി താലൂക്കിൽ സൗതഡ്ക മഹാഗണപതി ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ചയാണ് ബോർഡ് സ്ഥാപിച്ചതെന്ന് പരിസരവാസികൾ പറയുന്നു. 'മറ്റു മതസ്ഥർ ഹിന്ദുക്കളുടെ പുണ്യസ്ഥലമായ സൗതഡ്ക ക്ഷേത്ര പരിസരത്ത് പ്രവേശിച്ച് ഹിന്ദു പെൺകുട്ടികളെ ലൗ ജിഹാദിലേക്ക് വശീകരിച്ച് മറ്റ് അതിക്രമങ്ങൾ നടത്തി. അതിനാൽ, അഹിന്ദുക്കൾ ഓടിക്കുന്ന ഓട്ടോറിക്ഷകളും ടാക്സികളും ഉൾപ്പെടെ എല്ലാ വാഹനങ്ങളും സൗതഡ്ക ക്ഷേത്രത്തിലേക്കുള്ള റോഡിൽ നിരോധിച്ചിരിക്കുന്നു.' എന്നീ പരാമർശങ്ങളാണ് ബോർഡിൽ ഉള്ളത്.
സംഭവത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് ദക്ഷിണ കന്നഡ ജില്ല പൊലീസ് നോട്ടീസ് അയച്ചു. ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെ പറഞ്ഞു. ബോർഡ് സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടത്തിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷിക്കാൻ ലോക്കൽ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും സോനവാനെ പറഞ്ഞു.
അതേസമയം, തങ്ങൾ ബോർഡ് സ്ഥാപിച്ചിട്ടില്ലെന്നും ചില ഹിന്ദുത്വ സംഘടനകളാണ് ഇതിന് പിന്നിലെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്‌റംഗ്ദൾ, ഹിന്ദു ജാഗരണ് വേദികെ എന്നീ സംഘടനകളുടെ പേരുകളാണ് ബോർഡിൽ ഉള്ളതെന്നും ക്ഷേത്രം മാനേജ്‌മെന്റ് അംഗം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ മൂന്ന് സംഘടനകളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
മാർച്ച് മുതൽ കർണാടകയിലെ എട്ട് ക്ഷേത്രങ്ങൾക്ക് സമീപം സമാനമായ ബോർഡുകൾ സ്ഥാപിച്ചിരുന്നു, കൂടാതെ, ക്ഷേത്രോത്സവങ്ങളിൽ മുസ്ലീം വ്യാപാരികളെ വിലക്കിയിരുന്നു. ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമൂഗ ജില്ലകളിലെ ക്ഷേത്രങ്ങൾക്ക് പുറത്ത് വിലക്ക് പ്രഖ്യാപിച്ച് ബോർഡുകൾ ഉയർന്നിരുന്നു. 'ഭരണഘടനാ വിരുദ്ധർക്കും കന്നുകാലികളെ കൊല്ലുന്നവർക്കും അനുവാദമില്ല' എന്നാണ് ദക്ഷിണ കന്നഡ ജില്ലയിൽ സ്ഥാപിച്ച ഒരു ബോർഡിൽ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.