ഗംഗയിൽ ബോട്ട് വൈദ്യുതലൈനിൽ തട്ടി; നിരവധി പേരെ കാണാനില്ല, മൂന്നു ഡസനോളം പേർക്ക് പരിക്ക്
text_fieldsപട്ന: ബിഹാറിലെ വൈശാലിയിൽ ഗംഗാനദിയിൽ 150 ഓളം പേരുമായി പോയ ബോട്ട് ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്. 20ഓളം പേരെ കാണാതായതായാണ് വിവരം.
പട്നയിലെ ഗ്രാമീണ മേഖലയായ ഫതുഹയിലെ കച്ചി ദർഗ ഘട്ടിൽനിന്ന് വൈശാലിയിലെ രഘോപൂരിേലക്ക് ശനിയാഴ്ച രാത്രി എട്ടുമണിയോടെ ബോട്ട് പുറപ്പെടുകയായിരുന്നു. യാത്ര തുടങ്ങി അരമണിക്കൂറിനകം ആയിരുന്നു അപകടം. ദിവസവേതനക്കാരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. രാവിലെ മൊകാമയിലും പട്നയിലുമെത്തി തൊഴിലെടുത്തശേഷം വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
നദിയുടെ മധ്യത്തിലെത്തിയപ്പോൾ ബോട്ട് ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 35ൽ അധികം പേർക്ക് പൊള്ളലേറ്റു. നിരവധിപേർ നദിയിൽ വീഴുകയും ചെയ്തു. എത്രപേരെയാണ് നദിയിൽ കാണാതായതെന്ന വിവരം വ്യക്തമല്ല.
ദിവസങ്ങളായി കരകവിഞ്ഞ് ഒഴുകുകയാണ് ഗംഗ നദി. പട്നയിലെ ഗ്രാമീണമേഖലയിലെ 2.74ലക്ഷം പേരെ ഇത് ബാധിച്ചിരുന്നു.
'ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാൻ. പട്നയിൽനിന്ന് എട്ടുമണിയോടെ ബോട്ട് തീരംവിട്ടു. യാത്ര തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ബോട്ട് വൈദ്യുത ലൈനിൽ തട്ടിയത്. നദിയിലെ ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണം' -ബോട്ടിലുണ്ടായിരുന്ന രുദൽ ദാസ് പറയുന്നു.
അപകടം നടന്നതോടെ വൈശാലിയിൽനിന്നും പട്നയിൽനിന്നും അധികൃതർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.