യു.പിയിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ കുന്നുകൂട്ടി മണലിൽ പൂഴ്ത്തിയ നിലയിൽ. ലഖ്നോവിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ഉന്നാവിലാണ് സംഭവം.
ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ.
യു.പിയിൽനിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കൻ യു.പി ഭാഗങ്ങളിൽ നദിയുടെ കരയിൽ നിരവധി മൃതദേഹങ്ങൾ അടിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നാവിൽ നദിക്കരയിൽ മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. തീരത്ത് മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മൃതദേഹങ്ങൾ കണ്ടെത്തിയ ഒരു സ്ഥലം ശ്മശാനമായി ഉപയോഗിച്ചുവരുന്നതാണെന്നും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണോ ഇവയെന്ന് വ്യക്തമല്ലെന്നുമായിരുന്നു ഉന്നാവ് അധികൃതരുടെ പ്രതികരണം.
'ചിലർ മൃതദേഹങ്ങൾ കത്തിക്കാതെ നദീ തീരത്ത് അടക്കം ചെയ്യുന്ന പതിവുണ്ട്. വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തേക്ക് അധികൃതരെ അയച്ചിരുന്നു. അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കൃത്യമായ നടപടികൾ സ്വീകരിക്കും' -ജില്ല മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ യു.പിയിലെ ഗാസിപ്പൂരിൽ ഗംഗാ തീരത്ത് നിരവധി മൃതദേഹങ്ങൾ അടിഞ്ഞുകൂടിയിരുന്നു. കൂടാതെ ബിഹാറിലേക്കും മധ്യപ്രദേശിലേക്കും നൂറുകണക്കിന് മൃതദേഹങ്ങൾ ഒഴുകിയെത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നത് രോഗവ്യാപനം രൂക്ഷമാക്കിയേക്കാം എന്ന ആശങ്കയെ തുടർന്ന് ബിഹാർ ഉത്തർപ്രദേശ് അതിർത്തിയിൽ ബിഹാർ അധികൃതർ വലക്കെട്ടിയിരുന്നു. കഴിഞ്ഞദിവസം മാത്രം 71 മൃതദേഹങ്ങളാണ് ബിഹാറിലേക്ക് ഒഴുകിയെത്തിയത്. യു.പിയിൽ യമുന നദിയിലൂടെയും മൃതദേഹങ്ങൾ ഒഴുകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.