മണിപ്പൂരിൽ എട്ട് മാസം മോർച്ചറികളിൽ സൂക്ഷിച്ച 87 കുക്കികളെ കൂട്ടത്തോടെ സംസ്കരിച്ചു
text_fieldsചുരാചന്ദ്പൂര്‍: എട്ട് മാസത്തോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ച മൃതദേഹങ്ങൾ മണിപ്പൂരിൽ കൂട്ടത്തോടെ സംസ്കരിച്ചു. വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്, മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. ഇവിടെ, നിന്നുളള കൊല്ലപ്പെട്ട 87 പേരെയാണിപ്പോൾ കൂട്ടമായി സംസ്‌കരിച്ചത്. ക്രിസ്ത്യന്‍ വിഭാഗമായ കുക്കി സോ സമുദായത്തില്‍പെട്ടവരുടെ മൃതദേഹങ്ങളാണ് എട്ട് മാസത്തോളം മോര്‍ച്ചറികളില്‍ സൂക്ഷിച്ച ശേഷം ഇന്നലെ സംസ്‌കരിച്ചത്. കലാപത്തിനിടെ ഏറ്റവും വലിയ നഷ്ടമുണ്ടായത് മണിപ്പൂർ ചുരാചന്ദ്പൂർ ജില്ലയിലാണെന്നാണ് റിപ്പോർട്ട്.
മെയ് 11 ന് കൊല്ലപ്പെട്ട ഒരു മാസം പ്രായമുള്ള കുഞ്ഞ് ബേബി ഐസക്കും എട്ട് സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. ബാക്കിയുള്ളവർ 18 നും 87 നും ഇടയിൽ പ്രായമുള്ളവരാണെന്ന് ചുരാചന്ദ്പൂരിലെ കുക്കി-സോ സംഘടനകളുടെ ഫോറമായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം പുറത്തുവിട്ട പട്ടികയിൽ പറയുന്നു. സംസ്കാര ചടങ്ങിന് ആയിരക്കണക്കിന് ഗ്രാമീണരും കുടുംബാംഗങ്ങളും തുയിബുവോങ്ങിലെ പീസ് ഗ്രൗണ്ടിൽ ഒത്തുകൂടി. അന്തിമ ആദരാഞ്ജലികൾ അർപ്പിച്ചു.
കര്‍ശന സുരക്ഷാ നടപടികള്‍ക്കിടയാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ട്. മേയ് മുതൽ വംശീയ കലാപം തുടങ്ങിയ മണിപ്പൂരിൽ, സംഘർഷത്തിന് നേരിയ ശമനമുണ്ടാകുമ്പോഴേക്കും പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. തിങ്കളാഴ്ച ചുരാചന്ദ്പുരിലെ വിവിധയിടങ്ങളിൽ അക്രമമുണ്ടായി. തിംഗ്കംഗ്ഫായ് ഗ്രാമത്തിലാണ് കാര്യമായ ആക്രമണങ്ങളുണ്ടായത്.
രണ്ടു വിഭാഗങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടാകാനുള്ള സാഹചര്യമുള്ളതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ല മജിസ്ട്രേറ്റ് ഉത്തരവിൽ പറഞ്ഞു. ഇതിന് 2024 ഫെബ്രുവരി 18വരെ പ്രാബല്യമുണ്ടാകും. അഞ്ചോ അതിലധികമോ ആളുകൾ സംഘടിക്കുന്നതിനും ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനും വിലക്കുണ്ട്. സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.