ബിഹാറിലും യു.പിയിലും നദികളിൽ ഒഴുകി മൃതദേഹങ്ങൾ; കോവിഡ് ബാധിതരുടേതെന്ന് സംശയം, ആശങ്ക
text_fieldsപാറ്റ്ന: ബിഹാറിലെ ബക്സറിലും യു.പിയിലെ ഹാമിർപൂരിലും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് ആശങ്കയുയർത്തുന്നു. ബക്സറിൽ ഗംഗാ നദിയിലൂടെയും ഹാമിർപൂരിൽ യമുനാ നദിയിലൂടെയുമാണ് പാതി ദഹിപ്പിച്ചതും അഴുകിത്തുടങ്ങിയതുമായ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. ഇവ കോവിഡ് ബാധിച്ചു മരിച്ചവരുടേതാകാമെന്നാണ് സംശയം. രാജ്യത്ത് കോവിഡ് മരണനിരക്ക് നാൾക്കുനാൾ വർധിക്കുകയും ശ്മശാനങ്ങളിൽ തിരക്കേറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഗംഗയിലൂടെ 45ഓളം മൃതദേഹങ്ങൾ ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടതായി ബിഹാറിലെ ചൗസ ജില്ല അധികൃതർ വ്യക്തമാക്കി. ഇവ പുഴയിലേക്ക് എറിഞ്ഞതാവാമെന്നാണ് കരുതുന്നത്. പലതിനും അഞ്ച് മുതൽ ഏഴ് ദിവസം വരെ പഴക്കമുള്ളതും അഴുകിയതുമാണ് -ജില്ല അധികൃതർ പറയുന്നു. 100ഓളം മൃതദേഹങ്ങളുണ്ടെന്നാണ് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തത്.
സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് ബിഹാറിലെയും യു.പിയിലേയും അധികൃതർ. യു.പിയിലെ മേഖലകളിൽ നിന്നാവാം മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്നും ബിഹാറിൽ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കുന്ന പതിവില്ലെന്നുമാണ് ജില്ല അധികൃതർ പറയുന്നത്.
അതേസമയം, സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. മൃതദേഹങ്ങളിൽ നിന്നോ വെള്ളത്തിൽ നിന്നോ കോവിഡ് പകരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. തീരത്തടിയുന്ന മൃതദേഹങ്ങൾ നായ്ക്കൾ കടിച്ചുകീറുന്ന ദൃശ്യങ്ങളുമുണ്ട്. മൃതദേഹങ്ങൾ പുറത്തെടുത്ത് സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
യു.പിയിലെ ഹാമിർപൂരിൽ യമുനയിലൂടെ പാതി ദഹിപ്പിച്ച മൃതദേഹങ്ങൾ ഒഴുകുന്നതായി ശനിയാഴ്ചയാണ് ശ്രദ്ധയിൽ പെട്ടത്.
കോവിഡ് മരണ സംഖ്യ മറച്ചുവെക്കുന്നതിന്‍റെ തെളിവാണ് നദികളിലൂടെ ഒഴുകുന്ന മൃതദേഹങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.