ബിഹാറിൽ യുവ മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് റോഡരികിൽ തള്ളി
text_fieldsപാട്ന: മാധ്യമപ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ 22കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികിൽ തള്ളി. ബിഹാറിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാർത്താ പോർട്ടൽ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് നിരവധി വ്യാജ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതിനെതിരെ ബുദ്ധിനാഥ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ച് ഫേസ്ബുക് പോസ്റ്റിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളെ കാണാതായത്. ബുദ്ധിനാഥിന്‍റെ റിപ്പോർട്ടുകളെ തുടർന്ന് ഏതാനും വ്യാജ ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും ചിലതിന് വലിയ പിഴ ചുമത്തുകയും ചെയ്തിരുന്നു.
വ്യാജ ക്ലിനിക്കുകളെ കുറിച്ചുള്ള വാർത്തകൾക്ക് ശേഷം ലക്ഷങ്ങളുടെ വാഗ്ദാനവും ഭീഷണി സന്ദേശങ്ങളും ഇയാൾക്ക് ലഭിച്ചിരുന്നു. എന്നാൽ, ഇവയൊന്നും ബുദ്ധിനാഥിനെ പിന്തിരിപ്പിച്ചില്ല.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബുദ്ധിനാഥിനെ കാണാതായത്. ബേനിപാട്ടിയിലെ വീട്ടിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് സ്റ്റേഷന് 400 മീറ്റർ അകലെയാണ് ബുദ്ധിനാഥിന്‍റെ വീട്.
ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ ബുദ്ധിനാഥിനെ കണ്ടെത്താനായില്ല. മൊബൈൽ ഫോണും ഓഫായ നിലയിലായിരുന്നു. വെള്ളിയാഴ്ചയാണ് ബുദ്ധിനാഥിന്‍റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയെന്ന വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം റോഡരികിൽ തള്ളിയ നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ സംസ്കരിച്ചു.
മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്ത് വൻ ജനരോഷം ഉയർന്നിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് 400 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ നിന്ന് എങ്ങനെയാണ് മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയതെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.