മംഗളൂരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ നടത്തിയത് ഈശ്വർ മാൽപെയുടെ സംഘം
text_fieldsമംഗളൂരു: മംഗളൂരുവിൽ കാണാതായ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ കുളൂർ പാലത്തിന് സമീപം ഫാൽഗുനി നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ഷിരൂർ ദുരന്തത്തിൽ മരിച്ച അർജുന് വേണ്ടിയടക്കം തിരച്ചിലിൽ പങ്കെടുത്ത മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുൾപ്പെടെ അടങ്ങുന്ന സംഘമാണ് മുതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവസ്ഥലത്ത് നിന്ന് മൊബൈൽ ഫോണും കാറിന്റെ താക്കോലുംകണ്ടെത്തിയതിനെ തുടർന്ന് ആത്മഹത്യയാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതിനെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു നോർത്ത് മുൻ എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനാണ് 52കാരനായ മുംതാസ് അലി. മുംതാസ് അലിയെ ചിലർ ബ്ലാക്ക് മെയിലിങ് നടത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
മുംതാസ് അലിയുടെ തിരോധാനം സംബന്ധിച്ച് ആറ് പേർക്കെതിരെ കാവൂർ കേസെടുത്തതായി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ അദ്ദേഹത്തിൽ നിന്ന് വൻ തുക തട്ടിയെടുത്തുവെന്ന് ആരോപണമുണ്ട്. ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി കുടുംബം പറഞ്ഞതായി പോലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.