ബോയ്സ് ലോക്കർ റൂം കേസ്: വിദ്യാർഥികളുടെ അശ്ലീല ഗ്രൂപ്പിൽ മുതിർന്നവരും അംഗങ്ങൾ
text_fieldsന്യൂഡൽഹി: അശ്ലീല ഉള്ളടക്കത്തിെൻറ പേരിൽ സൈബർ പൊലീസിെൻറ നടപടി നേരിടുന്ന ഇൻസ്റ്റഗ്രൂപ്പിൽ സ്കൂൾ വിദ്യാർഥികളോടൊപ്പം 18 വയസിന് മുകളിലുള്ളവരും ഉണ്ടായിരുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത സ്കൂൾ വിദ്യാർഥികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുതിർന്ന അംഗങ്ങളുള്ളതായി തിരിച്ചറിഞ്ഞത്. ഇൻസ്റ്റഗ്രാം അധികൃതരിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സ്കൂൾ വിദ്യാർഥിനികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുകയും ബലാത്സംഗം അടക്കം ചർച്ച ചെയ്യുകയും ചെയ്ത ‘ബോയ്സ് ലോക്കർ റൂം’ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾക്കായി ഡൽഹി പൊലീസ് തിങ്കളാഴ്ച മുതൽ അന്വേഷണത്തിലാണ്. അവിചാരിതമായി ഇൗ ഗ്രൂപ്പിൽ അംഗമായ ഒരു പെൺകുട്ടി പുറത്ത്വിട്ട സ്ക്രീൻ ഷോട്ടുകളിലൂടെയാണ് അപകടകരമായ ഉള്ളടക്കം സംബന്ധിച്ച് വിവരം മറ്റുള്ളവരറിയുന്നത്. സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
50 ഒാളം അംഗങ്ങളുള്ള ഗ്രൂപ്പിലെ 26 സ്കൂൾ വിദ്യാർഥികളെ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്.
ഒാരോരുത്തരെയായി ചോദ്യം ചെയ്യൽ തുടരുകയാണ്. ആദ്യം കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു 26 പേരെ തിരിച്ചറിഞ്ഞത്. മുതിർന്ന അംഗങ്ങളുടെ ഇടപെടൽ സംബന്ധിച്ച് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെല്ലാം ദക്ഷിണ മുംബൈയിലെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ളവരാണ്. 13 വയസുകാരൻ വരെ ഗ്രൂപ്പിൽ അംഗമായിരുന്നു. ബലാത്സംഗത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നത്. സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.
കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇൗ ഗ്രൂപ്പ് സംബന്ധിച്ച് അറിയുമായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ് പല രക്ഷിതാക്കളും കാര്യങ്ങളറിയുന്നത്.
ഇൗ ഗ്രൂപ്പ് ഏപ്രിലിലാണ് ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ട്യൂഷൻ സെൻററുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്പോർട്സ് മത്സരങ്ങൾ തുടങ്ങിയവയിലൂടെ പരസ്പരം ബന്ധമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ. ഗ്രൂപ്പംഗങ്ങൾ ഉപയോഗിച്ച ഐ.പി അഡ്രസുകൾ അറിയാൻ ഇൻസ്റ്റഗ്രാമുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റ അധികൃതരിൽ നിന്നുള്ള മറുപടി ലഭിച്ചിട്ടില്ല.
സംഭവം വിവാദമായതോടെ കുട്ടികൾ വിശദാംശങ്ങൾ തങ്ങളുടെ മൊബൈലുകളിൽനിന്ന് നീക്കിയതായാണ് പൊലീസ് കരുതുന്നത്. ഐ.പി അഡ്രസുകൾ ലഭിച്ച ഉടനെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.