മണിപ്പൂരിൽ ബോംബ് സ്ഫോടനം; മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു
text_fieldsഇംഫാൽ: മണിപ്പൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു. യാംതോങ് ഹാകിപ്പിന്റെ ഭാര്യ മെയ്തേയ് സമുദായക്കാരിയായ ചാരുബാല ഹാകിപ് (59) ആണ് കൊല്ലപ്പെട്ടത്.
കുകി-സോമി ആധിപത്യമുള്ള കാംങ്പോക്പി ജില്ലയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനുപുറത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. മാലിന്യം കത്തിക്കുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസമയം ഹാക്കിപ് വീടിനകത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ചാരുബാലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.
അതേസമയം, സ്ഫോടനത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. യാംതോങ് ഹാക്കിപ് അടുത്തിടെ ബന്ധുവിൽനിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേതുടർന്ന് തർക്കവും കേസും നിലനിൽക്കുന്നുണ്ട്.
യാംതോങ് ഹാകിപ് 2012, 2017 തെരഞ്ഞെടുപ്പുകളിൽ സൈക്കുൽ മണ്ഡലത്തിൽനിന്ന് വിജയിച്ചിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ രണ്ടുതവണ എം.എൽ.എയായ യാംതോങ്, 2022 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് ചേക്കേറി അതേ മണ്ഡലത്തിൽതന്നെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
വീണ്ടും ഏറ്റുമുട്ടൽ; നാലുപേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിലെ തെങ്നൗപാൽ ജില്ലയിൽ മോൾനോം മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വിഭാഗത്തിൽപ്പെട്ട നാലുപേർ കൊല്ലപ്പെട്ടു. യുനൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യു.കെ.എൽ.എഫ്) പ്രവർത്തകനും മൂന്ന് കുക്കി ഗ്രാമീണ സന്നദ്ധപ്രവർത്തകരുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകങ്ങൾക്ക് പ്രതികാരമായി ഗ്രാമീണ സന്നദ്ധപ്രവർത്തകർ യു.കെ.എൽ.എഫ് സ്വയംപ്രഖ്യാപിത ചെയർമാൻ എസ്.എസ്. ഹാക്കിപ്പിന്റെ വസതിക്ക് തീയിട്ടു.
പള്ളേൽ മേഖലയിലെ ലെവി നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതികൾക്കായി സുരക്ഷാസേന തിരച്ചിലിലാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, കുക്കി ഗ്രാമീണ സന്നദ്ധപ്രവർത്തകരുടെ സെക്രട്ടറി ഹെയ്ജിൻ ബെയ്റ്റിനെ തട്ടിക്കൊണ്ടുപോയതിന്റെ പ്രതികാരമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകളുമുണ്ട്. ഒരുമാസം മുമ്പാണ് കാണാതായ ബെയ്റ്റിനെ യു.കെ.എൽ.എഫ് തട്ടിക്കൊണ്ടുപോയെന്നാണ് സന്നദ്ധപ്രവർത്തകർ ആരോപിക്കുന്നത്.
2023 മേയിൽ തുടങ്ങിയ കുക്കി-മെയ്തെയ് വംശീയ കലാപത്തിൽ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. പതിനായിരങ്ങൾ ഭവനരഹിതരാകുകയും ചെയ്തു. എന്നാൽ, ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ യു.കെ.എൽ.എഫ് പ്രവർത്തകൻ ഉൾപ്പെടെ കൊല്ലപ്പെട്ടവരെല്ലാം കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.