ഡൽഹി-ടൊറന്‍റോ എയർ കാനഡ വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്ക് പോകുകയായിരുന്ന എയർ കാനഡ വിമാനത്തിന് (എസി 43) വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.50 ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഐസൊലേഷൻ ബേയിലേക്ക് അയച്ചു. ഡൽഹി-ടൊറൻ്റോ എയർ കാനഡ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഓഫീസിൽ ചൊവ്വാഴ്ച രാത്രി 10.50 നാണ് ഇമെയിൽ ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എയർക്രാഫ്റ്റ് സ്ക്രീനിംഗ് അപ്പോൾ തന്നെ നടത്തിയതായി അധികൃതർ അറിയിച്ചു.
സ്റ്റാൻഡേർഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ പാലിച്ച് സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. വിഷയത്തിൽ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ സംഭവം നടന്നിരുന്നു. 306 യാത്രക്കാരും ക്രൂ അംഗങ്ങളുമുള്ള പാരീസ്-മുംബൈ വിമാനത്തിൽ ബോംബ് ഭീഷണി കുറിപ്പ് കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച 177 യാത്രക്കാരുമായി പുറപ്പെട്ട ഡൽഹി-ശ്രീനഗർ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായി. ഇതേ തുടർന്ന് ശ്രീനഗറിൽ സുരക്ഷിതമായി ഇറക്കുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.