അംബാനിക്ക് ബോംബ് ഭീഷണി; ഇൻസ്പക്ടർ സച്ചിൻ വാസെയെ മാറ്റുന്നു
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയ കേസിലും സ്കോർപിയോ ഉടമയുടെ ദുരൂഹ മരണത്തിലും ബി.ജെ.പി സംശയമുനയിൽ നിറുത്തിയ ക്രൈംബ്രാഞ്ച് ഇൻറലിജൻസ് യൂണിറ്റിലെ (സി.െഎ.യു) അസി. ഇൻസ്പെക്ടർ സച്ചിൻ വാസെയെ തൽ സ്ഥാനത്തു നിന്ന് മാറ്റുന്നു. ബുധനാഴ്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ഇക്കാര്യം മഹാരാഷ്ട്ര നിയമസഭയെ അറിയിച്ചു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്‍റെ നിർദേശ പ്രകാരമാണ് നടപടി.
സ്കോർപിയോ ഉടമ മൻസുഖ് ഹിരേനെ സച്ചിൻ വാസെ കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ വിമല എ.ടി.എസിന് നൽകിയ മൊഴിയിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ നവമ്പർ മുതൽ ഫെബ്രുവരി അഞ്ച്വരെ സ്കോർപിയോ സച്ചിൻ വാസെയുടെ കൈവശമായിരുന്നുവെന്നും ഇവർ പറഞ്ഞു. വിമലയുടെ മൊഴി ഉയർത്തിക്കാട്ടി സച്ചിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സഭയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി നിലപാട് കടുപ്പിച്ചതോടെയാണ് സച്ചിനെ തൽകാലം സി.െഎ.യുവിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്.
റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പ്രതിസ്ഥാനത്തുള്ള ടി.ആർ.പി തട്ടിപ്പ്, ആർകിടെക്റ്റ് ആൻവെ നായിക് ആത്മഹത്യ കേസുകൾ അന്വേഷിക്കുന്നത് സച്ചിൻ വാസെയാണ്. പുൽവാമ, ബലാകോട്ട് വിഷയങ്ങളുമായി ബന്ധപ്പെട്ട ദേശ സുരക്ഷ വിവരങ്ങളടങ്ങിയ, അർണബും ബാർക് മുൻ മേധാവി പാർഥദാസ് ഗുപ്തയും തമ്മിലെ വിവാദ വാട്സ് ആപ്പ് ചാറ്റുകൾ കണ്ടെത്തിയത് സച്ചിനാണ്. ആൻവെ നായിക് കേസിൽ അർണബിനെ അറസ്റ്റ് ചെയ്ത സംഘത്തെ നയിച്ചതും സച്ചിനായിരുന്നു.
വിവാദ പൊലിസ് ഉദ്യോഗസ്ഥനാണ് 1990 ബാച്ചിലെ സച്ചിൻ വാസെ. 63 കുറ്റവാളികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിട്ടുണ്ട്. 2002 ഡിസംബറിലെ ഘാട്കൂപ്പർ സ്ഫോടന കേസിൽ അറസ്റ്റിലായ ഖ്വാജ യൂനുസിന്‍റെ കസ്റ്റഡി മരണ കേസിൽ സസ്പെൻഷനിലായിരുന്നു. സസ്പെൻഷൻ പിൻവലിക്കാത്തതിനെ തുടർന്ന് 2007 ൽ രാജിവെച്ച സച്ചിൻ തൊട്ടടുത്ത വർഷം ശിവസേനയിൽ ചേർന്നു. കഴിഞ്ഞ ജൂണിൽ ശിവസന സർക്കാറാണ് സച്ചിന്‍റെ സസ്പെൻഷനും രാജിയും പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്തത്. കോവിഡ് കാലത്ത് പൊലിസിലെ ആൾബല കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സി.െഎ.യു വിലാണ് സച്ചിനെ അന്ന് നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.