തുടർക്കഥയാകുന്ന ബോംബ് ഭീഷണി; ഇന്നലെ മാത്രം സന്ദേശം ലഭിച്ചത് 30 വിമാനങ്ങൾക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്കുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു. തിങ്കളാഴ്ച മാത്രം 30 വിമാനങ്ങൾക്ക് ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചു. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച 25 വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.
തിങ്കളാഴ്ച ഇൻഡിഗോയുടെ മംഗളൂരു-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ്-ജിദ്ദ, ലഖ്നോ-പൂണെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായി. അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഭീഷണിയുടെ സാഹചര്യത്തിൽ മാർഗനിർദേശങ്ങളനുസരിച്ച് പ്രവർത്തിച്ചെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു. നാല് വിമാനങ്ങളിലെയും യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിച്ചെന്ന് എയർലൈൻ വ്യക്തമാക്കി.
ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികളുടെയും വ്യോമയാന അധികൃതരുടെയും മാർഗനിർദേശമനുസരിച്ച് നടപടികൾ സ്വീകരിച്ചെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. തങ്ങളുടെ ഏതാനും വിമാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണിയുണ്ടായെന്ന് വിസ്താര എയർലൈൻ അറിയിച്ചു.
വിമാനങ്ങൾക്ക് നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നത് പരിഗണനയിലാണെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവർക്ക് ആജീവനാന്ത വിമാനയാത്ര വിലക്ക് ഏർപ്പെടുത്തുന്നതരത്തിൽ വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്.
നിരന്തരം ഭീഷണി സന്ദേശങ്ങൾ തുടരുന്നത് വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആഭ്യന്തര സർവിസുകൾക്ക് പുറമേ അന്താരാഷ്ട്ര സർവിസുകളും വഴിതിരിച്ചുവിടുകയും പരിശോധനകൾക്കായി അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്യുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്. ഭീഷണി ലഭിച്ചാൽ നിലവിലെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
അതിനിടെ, നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ പറക്കരുതെന്ന് യാത്രക്കാർക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപട് വന്ത് സിങ് പന്നു ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ കാലയളവിൽ എയർ ഇന്ത്യയെ ആക്രമിക്കുമെന്നാണ് പന്നുവിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാന ഭീഷണി ഉയർത്തിയിരുന്നു. ‘സിഖ് വംശഹത്യയുടെ 40 ആം വാർഷിക’ത്തിൽ ഒരു എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം ഉണ്ടായേക്കാമെന്നും ഗുർപട് വന്ത് സിങ് പന്നു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.