ഭീമ കൊറേഗാവ് കേസ്: വരവരറാവുവിന് കീഴടങ്ങാനുള്ള സമയം നീട്ടിനൽകി ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തി പ്രതിയാക്കിയ കവി വരവരറാവുവിന് കീഴടങ്ങാനുള്ള സമയം ജനുവരി ഏഴ് വരെ നീട്ടിനൽകി ബോംബെ ഹൈകോടതി. ജസ്റ്റിസ് നിതിൻ ജംദാർ, എസ്.വി. കോട്വാൾ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കീഴടങ്ങാനുള്ള സമയം ജനുവരി ഏഴ് വരെ നീട്ടിയത്. നിലവിൽ മെഡിക്കൽ ജാമ്യത്തിലാണ് 82കാരനായ വരവരറാവു.
ഫെബ്രുവരി 22നായിരുന്നു ആറ് മാസത്തേക്ക് ഇടക്കാല മെഡിക്കൽ ജാമ്യത്തിൽ വരവരറാവു പുറത്തിറങ്ങിയത്. ഇതിന് ശേഷം ഭാര്യയോടൊപ്പം മുംബൈയിലാണ് താമസിച്ചിരുന്നത്. സ്വദേശമായ തെലങ്കാനയിലേക്ക് തിരികെ പോകാൻ അനുവദിക്കണമെന്നും മെഡിക്കൽ ജാമ്യം നീട്ടിനൽകണമെന്നും ആവശ്യപ്പെട്ട് റാവു സമർപ്പിച്ച ഹരജി ഇന്നാണ് കോടതി പരിഗണിച്ചത്.
എന്നാൽ, 82 വയസ്സുള്ള റാവുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാവുക സ്വാഭാവികമാണെന്ന് എൻ.ഐ.എക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് പറഞ്ഞു. ഈ കാരണംകൊണ്ട് റാവുവിനെ കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്നും കീഴടങ്ങേണ്ടത് അനിവാര്യമായതിനാൽ ജാമ്യം അനുവദിക്കരുതെന്നും അനിൽ സിങ് ആവശ്യപ്പെട്ടു. റാവുവിന്‍റെ ആരോഗ്യം സാധാരണനിലയിലാണെന്ന് കാണിച്ച് നേരത്തെ എൻ.ഐ.എ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റാവുവിന്‍റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്ന നാനാവതി ആശുപത്രിയുടെ റിപ്പോർട്ട് അംഗീകരിക്കാമെന്നും റിപ്പോർട്ടുകൾ വിശകലനം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ട് പ്രകാരമാണ് ജാമ്യം അനുവദിച്ചത്. ഇതേ നടപടിക്രമം അനുസരിച്ചുകൊണ്ട് റാവുവിന് മറുപടി നൽകാനുള്ള സമയം ഞങ്ങൾ അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു.
എന്നാൽ, ഇത് തുടരുകയാണെങ്കിൽ റാവു ഒരിക്കലും കീഴടങ്ങില്ലെന്നും സ്ഥിരമായി ജാമ്യം ലഭിക്കുന്നത് പോലെയാണെന്നും എതിർപ്പ് ഉന്നയിച്ചുകൊണ്ട് അനിൽ സിങ് പറഞ്ഞു. ഡിസംബർ 28നകം സത്യവാങ്മൂലം സമർപ്പിക്കാൻ റാവുവിന്‍റെ അഭിഭാഷകനോട് നിർദേശിച്ച ബെഞ്ച് വാദം കേൾക്കൽ ജനുവരി നാലിലേക്ക് മാറ്റി. റാവുവിന് കീഴടങ്ങാനുള്ള സമയം ജനുവരി ഏഴ് വരെയും നീട്ടിനൽകി.
2017 ഡിസംബർ 31ന് നടന്ന എൽഗാർ പരിഷദ് പരിപാടിയിൽ റാവു നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് അക്രമത്തിനു പ്രേരകമായി എന്ന കേസിലാണ് വരവരറാവു അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയാണ് കേസന്വേഷിക്കുന്നത്. മാവോയിസ്റ്റുകളുമായി ചേർന്ന് വരവരറാവു ഉൾപ്പടെയുള്ളവർ ഗൂഢാലോചന നടത്തി അക്രമങ്ങൾ ആസൂത്രണം ചെയ്തെന്നാണ് എൻ.ഐ.എ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.