എൽഗാർ പരിഷദ് കേസ്: റോണ വിൽസണും സുധീർ ധാവലക്കും ജാമ്യം
text_fieldsമുംബൈ: എൽഗാർ പരിഷദ് കേസിൽ ഗവേഷകൻ റോണ വിൽസണും ആക്ടിവിസ്റ്റ് സുധീർ ധാവ്ലെക്കും ജാമ്യം. ബോംബെ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. 2018ലെ കേസുമായി ബന്ധപ്പെട്ടാണ് വിൽസണും ധാവ്ലേയും അറസ്റ്റിലായത്.
ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എസ് ഗാഡ്കരി, കമൽ കാത്ത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. കേസിലെ വിചാരണ അടുത്തെങ്ങും പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും ജാമ്യം നൽകിയത്.
രണ്ട് പ്രതികളും 2018 മുതൽ ജയിലിൽ തുടരുകയാണെന്നും കുറ്റങ്ങൾ പോലും പ്രത്യേക കോടതി ചുമത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകരായ മിഹിർ ദേശായി, സുധീപ് പാഷ്ബോല എന്നിവർ വാദിച്ചു.
ഈ വാദങ്ങൾ ഉൾപ്പടെ മുഖവിലക്കെടുത്താണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്. ധാവ്‍ലയോടും റോണയോടും എൻ.ഐ.എ കോടതിയിൽ ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
300ഓളം സാക്ഷികളാണ് കേസിനുള്ളത്. ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം കേസിന്റെ വിചാരണ പൂർത്തിയാക്കുന്നത് എളുപ്പമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടർന്നായിരുന്നു ജാമ്യം നൽകാനുള്ള തീരുമാനമുണ്ടായത്.
നേരത്തെ ഡിസംബറിൽ പ്രത്യേക എൻ.ഐ.എ കോടതി റോണ വിൽസണും ധാവ്‍ലക്കും ജാമ്യം നിഷേധിച്ചിരുന്നു. 2017 ഡിസംബർ 31ന് എൽഗാർ പരിഷദ് സമ്മേളനത്തിൽ ഇരുവരും നടത്തിയ പ്രസംഗം ഭീമ-കൊറേഗാവ് സംഘർഷത്തിന് കാരണമായെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.