സ്ത്രീയെ രാത്രി അറസ്റ്റ് ചെയ്ത സി.ബി.െഎക്ക് കോടതി 50,000 രൂപ പിഴയിട്ടു
text_fieldsമുംബൈ: സ്ത്രീയെ നിയമവിരുദ്ധമായി അസമയത്ത് അറസ്റ്റ് ചെയ്ത സി.ബി.ഐക്ക് കോടതി 50,000 രൂപ പിഴയിട്ടു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷനൽ ബാങ്ക് ഉദ്യോഗസ്ഥയായ കവിത മണികികാറിനെ രാത്രിയിൽ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് മുംബൈ ഹൈകോടതിയുടെ ഉത്തരവ്.
അറസ്റ്റ് നിയമവിരുദ്ധമായതിനാൽ പ്രത്യേക ജഡ്ജി പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ എസ്.ജെ. കത്താവാല, ഭാരതി ഡാംഗ്രെ എന്നിവർ വിധിയിൽ ചൂണ്ടിക്കാട്ടി. തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരിയെന്ന് കണ്ടാൽ കവിതയെ നിയമവിധേയമായി ഇനിയും അറസ്റ്റ് ചെയ്യാമെന്നും കോടതി പറഞ്ഞു.
കേസിൽ കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രി എട്ട് മണിക്കാണ് കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പി.എൻ.ബി തട്ടിപ്പിൽ നീരവ് മോദിയോടൊപ്പം ഗൂഢാലോചനയില്‍ പങ്കെടുക്കുകയും രേഖകളില്‍ ഒപ്പുവെക്കുകയും ചെയ്തുവെന്നാണ് കവിതക്കെതിരായ കുറ്റം. സി.ബി.െഎ ആവശ്യപ്പെട്ട പ്രകാരം 20ന് ഉച്ചക്ക് മൂന്നരയോടെ ഭര്‍ത്താവുമൊത്ത് സി.ബി.ഐ ഓഫിസില്‍ ഹാജരായ കവിതയെ ചോദ്യംചെയ്ത ശേഷം രാത്രി എട്ടു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. അടുത്തദിവസം പ്രത്യേക ജഡ്ജി 14 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. ഇൗ നടപടിയെ ചോദ്യം ചെയ്താണ് കവിത ഹൈകോടതിയെ സമീപിച്ചത്.
അസമയത്ത് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനില്‍നിന്ന് പിഴ ഇൗടാക്കി കവിതക്ക് നൽകണമെന്നും ഉദ്യോഗസ്ഥനെതിരെ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്.
സൂര്യാസ്തമയത്തിനു ശേഷം സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും അറസ്റ്റ് ചെയ്യേണ്ടത് വനിത പൊലീസാണെന്നുള്ള നിയമം സി.ബി.െഎ ലംഘിച്ചുവെന്നും കവിത പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.