തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ മാധ്യമങ്ങളും സര്‍ക്കാറും വേട്ടയാടി -ബോംബെ ഹൈകോടതി
text_fields
മുംബൈ: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 29 വിദേശികൾക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. വിദേശികള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈകോടതി സർക്കാറും മാധ്യമങ്ങളും തബ്ലീഗുകാരെ വേട്ടയാടുകയായിരുന്നുവെന്ന് വിമർശിച്ചു.
ഇന്തോനേഷ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ സമര്‍പ്പിച്ച മൂന്ന് പ്രത്യേക ഹരജികളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് ടി.വി. നൽവാഡെ, ജസ്റ്റിസ് എം.ജി. സീവ്ലിക്കർ എന്നിവരടങ്ങിയ ഔറംഗാബാദ് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ടൂറിസ്റ്റ് വിസ നിർദേശങ്ങൾ ലംഘിച്ചെന്നും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രാര്‍ഥനകള്‍ നടത്തിയെന്നും ആരോപിച്ചാണ് പരാതിക്കാര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ഡല്‍ഹി നിസാമുദ്ദിന്‍ മര്‍ക്കസില്‍ എത്തിയ വിദേശികളാണ് ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. ഇവർക്കെതിരെ അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സംഘടിതമായി ഇത്തരത്തിലുള്ള പ്രചരണം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. വിദേശി തബ്ലീഗുകള്ക്കെതിരെ നടന്നത് വേട്ടയാടലായിരുന്നെന്നും കോടതി വിമർശിച്ചു.
മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ടെന്നും, സാഹചര്യംവെച്ചു നോക്കുമ്പോള്‍ ഇവിടെ വിദേശികളെയാണ് ബലിയാടുകൾ ആക്കിയതെന്നും കോടതി വിമർശിച്ചു.
കോവിഡ് പോലുള്ള മഹാമാരികളുണ്ടാകുേമ്പാൾ ഇന്ത്യയുടെ യഥാർഥ സംസ്കാരമായ സഹിഷ്ണുത വിദേശികളോട് കാണിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, അവരെ സഹായിക്കുന്നതിന് പകരം പിടിച്ച് ജയിലിലടക്കുകയും വിസ ലംഘനത്തിന് കേസെടുത്ത് അവരുടെ യഥാർഥ യാത്രാരേഖകൾ പിടിച്ചുവെക്കുകയുമാണ് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.