സമീർ വാങ്കഡെക്കെതിരെ ആരോപണമുന്നയിക്കുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാതെ കോടതി
text_fieldsമുംബൈ: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് ഹൈകോടതി. അതേസമയം, പൊതുസമക്ഷത്തിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് ബോംബെ ഹൈകോടതി നിർദേശിച്ചു. നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻദേവ് കച്റൂജി വാങ്കഡെ നൽകിയ അപകീർത്തി കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.
സമീർ വാങ്കഡെയുടെ പിതാവിന്‍റെ പേര് ദാവൂദ് വാങ്കഡെ എന്നാണെന്നും സമീർ മുസ്ലിമാണെന്നും ആരോപിച്ച് നവാബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ സമീർ വാങ്കഡെയുടെ ജനനസർട്ടിഫിക്കറ്റ് പുറത്തുവിട്ടിരുന്നു. തുടർന്നാണ് ധ്യാൻദേവ് 1.25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് നൽകിയത്.
തന്‍റെ കുടുംബത്തിനും സമുദായത്തിനുമെതിരെ അപകീർത്തികരമായതും തെറ്റായതും ദുഷ്പേരുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി. താൻ മഹർ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്നും ഇത് എസ്.സി വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നും സർക്കാർ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഇതിന് തെളിവാണെന്നും ധ്യാൻദേവിന്‍റെ പരാതിയിൽ പറയുന്നു.
മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ മയക്കുമരുന്ന് കേസിൽ എട്ടുമാസം ജയിലിൽ കഴിഞ്ഞതിന്‍റെ പ്രതികാരം തീർക്കുന്നതിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
ഒരു പൊതുസേവകനെന്ന നിലയിൽ സമീർ വാങ്കഡെക്കെതിരെ വിമർശനങ്ങൾ ഉയരാമെന്നും, നവാബ് മാലിക് ഉയർത്തിയ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് മാലിക് ഇവ യാഥാർഥ്യമാണോയെന്ന് പരിശോധിച്ചിരിക്കണം -കോടതി നിർദേശിച്ചു.
നവാബ് മാലിക്കിനെതിരെ ധ്യാൻദേവ് പൊലീസിൽ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. എസ്.സി/എസ്.ടി നിയമപ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവുമാണ് പരാതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.