‘വസ്തുത പരിശോധന യൂനിറ്റ്’ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തടഞ്ഞ് ബോംബെ ഹൈകോടതി
text_fieldsമുംബൈ: മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങാകുമെന്ന ആശങ്കയുയർന്ന ‘വസ്തുത പരിശോധന യൂനിറ്റ്’ (ഫാക്ട് ചെക്കിങ് യൂനിറ്റ്) സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം ബോംബെ ഹൈകോടതി തടഞ്ഞു. 2023ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓൺലൈനിലെ വ്യാജവാർത്ത തടയാനുള്ള ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) നിയമഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. സ്റ്റാൻഡപ് കോമേഡിയൻ കുനാൽ കമ്ര നൽകിയ ഹരജിയിലാണ് നടപടി. ഇത് കേന്ദ്രത്തിന് വൻ തിരിച്ചടിയായി.
ഐ.ടി നിയമ ഭേദഗതി, ഭരണഘടനയുടെ 14, 19 അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് ജസ്റ്റിസ് എ.എസ് ചന്ദൂർക്കർ പറഞ്ഞു. ഐ.ടി നിയമത്തിൽ പറയുന്ന ‘വ്യാജം, തെറ്റ്, തെറ്റിദ്ധരിപ്പിക്കുന്നത്’ തുടങ്ങിയ വാക്കുകൾ കൃത്യതയില്ലാത്തതും മതിയായ നിർവചനമില്ലാത്തതിനാൽ ശരിയല്ലാത്തതുമാണ്. -കോടതി തുടർന്നു.
ഈ കേസിൽ ജനുവരിയിൽ ബോംബെ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വീണ്ടും മൂന്നാമതൊരു ജഡ്ജി മുമ്പാകെ പരിഗണനക്കെത്തിയത്. കേസ് നടക്കുന്നതിനിടെ, വസ്തുത പരിശോധന യൂനിറ്റ് പ്രഖ്യാപനം നടത്തിയ കേന്ദ്ര നടപടി മാർച്ചിൽ സുപ്രീംകോടതി തടഞ്ഞിരുന്നു. വിഷയത്തിന്റെ ഭരണഘടന സാധുത ബോംബെ ഹൈകോടതി തീർപ്പാക്കുംവരെ കേന്ദ്രത്തിന് തീരുമാനവുമായി മുന്നോട്ട് പോകാനാകില്ലെന്ന് അന്ന് ഉന്നത കോടതി വ്യക്തമാക്കുകയുണ്ടായി. ജനുവരിയിൽ ബോംബെ ഹൈകോടതിയിൽ ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഭിന്നവിധി എഴുതിയത്.
ജസ്റ്റിസ് പട്ടേൽ നിയമം റദ്ദാക്കിയപ്പോൾ ഗോഖലെ നിയമം ശരിവെക്കുകയായിരുന്നു. ഇതിലെ നിയമങ്ങൾ സെൻസർഷിപ്പിന് തുല്യമാണെന്നായിരുന്നു ജസ്റ്റിസ് പട്ടേലിന്റെ അഭിപ്രായം. എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയമം ബാധിക്കില്ലെന്ന നിലപാട് ജസ്റ്റിസ് ഗോഖലെ സ്വീകരിച്ചു.
മൂന്നാമത്തെ ജഡ്ജിയുടെ അഭിപ്രായം ജസ്റ്റിസ് പട്ടേലിന്റെ വിധിയുമായി ചേർന്നു നിൽക്കുന്നതായതിനാൽ കേസിലെ ഹരജികൾ ഇനി അന്തിമവിധിക്കായി ഡിവിഷൻ ബെഞ്ചിന് വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.