ആര്യൻ ഖാൻ മയക്കുമരുന്ന് കേസ്: സമീർ വാങ്കഡെക്ക് കോടതിയുടെ ശാസന
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ആര്യന്റെ പിതാവും ഹോളിവുഡ് താരവുമായ ഷാറൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ് ചാറ്റ് പരസ്യപ്പെടുത്തിയ മുംബൈ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുൻ മേധാവി സമീർ വാങ്കഡെക്ക് ബോംബെ ഹൈകോടതിയുടെ ശാസന. വിഷയം കോടതി പരിഗണനയിലാണെന്നിരിക്കെ വാട്സ്ആപ് ചാറ്റ് എന്തടിസ്ഥാനത്തിലാണ് പുറത്തുവിട്ടതെന്ന് കോടതി ചോദിച്ചു.
ഷാരൂഖിനോട് 18 കോടി രൂപ ആവശ്യപ്പെട്ടതടക്കമുള്ള ആരോപണങ്ങളിലെ സി.ബി.ഐ കേസ് തള്ളണമെന്നാവശ്യപ്പെട്ടും മുൻകൂർ ജാമ്യം തേടിയും വാങ്കഡെ നൽകിയ ഹരജി പരിഗണിക്കവെയാണ് ശാസന. ഹരജിക്കൊപ്പം നൽകിയ വിവരങ്ങൾ ചോർന്നതാണെന്നാണ് വാങ്കഡെയുടെ വാദം. അതേസമയം, ജൂൺ എട്ടുവരെ കേസിൽ വാങ്കഡെയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. കേസിൽ അന്വേഷണം നേരിടുന്നവരുടെ ബന്ധുക്കളുമായി ചാറ്റ് ചെയ്തത് ചട്ടലംഘനമാണെന്നും വിശദ പരിശോധന നടത്തുമെന്നും എൻ. സി.ബി വ്യക്തമാക്കി.
എൻ.സി.ബി ഉദ്യോഗസ്ഥനെന്ന് തോന്നിപ്പിക്കും വിധം സ്വകാര്യ ഡിറ്റക്ടിവ് ഗോസാവിയെ മയക്കുമരുന്ന് കേസിൽ ഇടപെടാൻ അനുവദിച്ചു, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, അനധികൃതമായി വിദേശയാത്രകൾ നടത്തി തുടങ്ങി എൻ.സി.ബി വിജിലൻസ് വിഭാഗം ഉന്നയിച്ച ആരോപണങ്ങളിലാണ് സി.ബി.ഐ കേസ്. ഇതിനിടയിൽ, താനും ഭാര്യയും വധഭീഷണി നേരിടുന്നതായി സമീർ വാങ്കഡെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.