കോവിഡ് ബാധിതരെ ഖബർസ്ഥാനിൽ സംസ്കരിക്കുന്നത് തടയണമെന്ന ഹരജി തള്ളി
text_fieldsമുംബൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഖബറടക്കുന്നതിനെതിരെ നൽകിയ ഹരജി ബോംബെ ഹൈക്കോടതി തള്ളി. ബാന്ദ്ര ഖബർസ്ഥാനിൽ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസിയായ പ്രദീപ് ഗാണ്ടിയുടെ നേതൃത്വത്തിലാണ് ഹരജി നൽകിയിരുന്നത്.
മൃതദേഹം ദഹിപ്പിക്കാതെ സംസ്കരിക്കുന്നത് കോവിഡ് പകരാൻ ഇടയാക്കുമെന്നായിരുന്നു ഇവരുടെ വാദം. മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷെൻറ (ബിഎംസി) തീരുമാനം പിൻവലിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഇത് അശാസ്ത്രീയ ആരോപണമാണെന്ന് ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് എസ്. എസ് ഷിൻഡെ എന്നിവർ വ്യക്തമാക്കി.
മൃതദേഹങ്ങൾ കുഴിച്ചിട്ടാൽ രോഗം പടരുമെന്ന വാദം ലോകാരോഗ്യ സംഘടനയോ കേന്ദ്ര സർക്കാറോ അംഗീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബി.എം.സിക്ക് നിർദേശം നൽകി.
ഏപ്രിൽ 13ന് ബാന്ദ്രയിൽ ഖബറടക്കാൻ കൊണ്ടുവന്ന മൃതദേഹം ചിലരുടെ പ്രതിഷേധത്തെ തുടർന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയിരുന്നു.
ഇതിനുപിന്നാലെ, കൊറോണ ബാധിച്ച് മരിക്കുന്നവരെ മതം നോക്കാതെ ദഹിപ്പിക്കണമെന്നും കുഴിച്ചിടരുതെന്നും മാർച്ച് 30 ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സർക്കുലർ ഇറക്കിയിരുന്നു. ഏറെ വിവാദമായ ഈ ഉത്തരവ് കടുത്ത എതിർപ്പിനെ തുടർന്ന് പിന്നീട് പിൻവലിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം വിസ്തൃതിയുള്ള ശ്മശാനത്തിൽ മാത്രമാണ് സംസ്കരിക്കാൻ അനുമതി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.