ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും
text_fieldsമുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈകോടതിയിൽ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും. ആര്യൻ ഖാൻ, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുന്നത്. നാളെ ഉച്ചക്ക് 2.30ന് വാദം പുന:രാരംഭിക്കും.
സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് വേണ്ടി ഹാജരായത്. നാളെ ഒരു മണിക്കൂറിനുള്ളിൽ താൻ വാദം പൂർത്തിയാക്കുമെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചു.
ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്. മറ്റ് പ്രതികളുടെ അപേക്ഷയിൽ ഇന്നാണ് വാദം നടന്നത്.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തന്‍റെ വാട്സ്ആപ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യൻ പറഞ്ഞു.
ആര്യൻ ഖാന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.
ആര്യന്‍റെ സുഹൃത്തായ ബോളിവുഡ് താരം അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളിൽ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് 22കാരിയായ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവർ എത്തിയില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതാമാെണന്നായിരുന്നു അനന്യയുടെ പ്രതികരണം.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് മർചന്‍റ്, മുൺമുൺ ധമേച്ച എന്നിവരും പിടിയിലായിരുന്നു. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യനും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.