ഔറംഗബാദിന്‍റെയും ഉസ്മാനാബാദിന്‍റെയും പേരുമാറ്റം അംഗീകരിച്ച് ബോംബെ ഹൈകോടതി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ സംസ്ഥാന സർക്കാറിന്‍റെ തീരുമാനം ശരിവെച്ച് ബോംബെ ഹൈകോടതി. പേരുമാറ്റിയുള്ള വിജ്ഞാപനത്തെ ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ആരിഫ് എസ്. ഡോക്ടർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.
പൊതുവികാരം കണക്കാക്കാതെയാണ് പേരുമാറ്റമെന്നും രാഷ്ട്രീയ നേട്ടത്തിനായി മുസ്ലിം വിദ്വേഷമുയർത്തുകയാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഹരജിക്കാർ ആരോപിച്ചു. മുസ്ലിം പേരുള്ള സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന പ്രചാരണ സംസ്ഥാനത്തുടനീളം വ്യാപകമാണെന്നും ഹരജിയിൽ ആരോപിച്ചു. ഇന്നാൽ, ഇക്കാര്യങ്ങളെല്ലാം സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ നിഷേധിച്ചു.
മൂന്നു പതിറ്റാണ്ടായി ശിവസേന ഉയർത്തിവരുന്ന ആവശ്യമാണ് ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റം. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ പുത്രൻ സംബാജി മഹാരാജിന്റെ പേരാണ് ഔറംഗാബാദിന് നല്‍കിയിരിക്കുന്നത്. ഉസ്മാനാബാദിന് പഴയ നാമം നൽകുകയാണെന്നാണ് വിശദീകരണം. പേരുമാറ്റാനുള്ള തീരുമാനത്തിന് കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.
ശിവസേന ആചാര്യനായിരുന്ന ബാൽതാക്കറെയാണ് ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത്. 2022ൽ എം.വി.എ സർക്കാർ തകരുന്നതിനു തൊട്ടുമുൻപ് ഉദ്ധവ് താക്കറെ ഭരണകൂടം രണ്ട് നഗരങ്ങളുടെയും പേരുമാറ്റാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. മഹാവികാസ് അഘാഡി സഖ്യകക്ഷികളായിരുന്ന കോൺഗ്രസിന്റെയും എൻ.സി.പിയുടെയും എതിർപ്പ് മറികടന്നായിരുന്നു ഇത്. പിന്നാലെയെത്തിയ ബി.ജെ.പി സർക്കാർ പേരുമാറ്റ നടപടികൾ തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.