ദാഭോല്‍കര്‍, പന്‍സാരെ വധക്കേസ് :സി.ബി.ഐക്കെതിരെ ബോംബെ ഹൈകോടതി
text_fieldsമുംബൈ: ഡോ. നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ പന്‍സാരെ എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കുന്നതില്‍ സി.ബി.ഐക്ക് ബോംബെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. ‘‘നിങ്ങള്‍ കേസ് ദുര്‍ബലപ്പെടുത്തുകയാണ്. നിങ്ങളുടെ വിശ്വാസ്യത തുലാസിലാണ്. വിചാരണയിലത്തെിയ രണ്ടു കേസുകളെയുമാണ് നിങ്ങളുടെ താമസം പ്രതികൂലമായി ബാധിക്കുന്നതെന്ന ഓര്‍മവേണം’’ -ജസ്റ്റിസ് ധര്‍മാധികാരി പറഞ്ഞു. അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ദാഭോല്‍കര്‍, പന്‍സാരെ എന്നിവരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് ബി.പി. കൊളാബാവാല കൂടി അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് രോഷം പ്രകടിപ്പിച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ച തോക്കും വെടിയുണ്ടകളും സ്കോട്ട്ലന്‍ഡ് പൊലീസിന് വിദഗ്ധ പരിശോധനക്ക് അയച്ചതിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ളെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നും സി.ബി.ഐക്ക് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആവശ്യപ്പെട്ടപ്പോഴായിരുന്നു വിമര്‍ശനം. കേസ് ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് ഇതെന്നും കേസ് വൈകിപ്പിക്കുന്നതിന്‍െറ ഗുണം പ്രതികള്‍ക്കാണെന്നും കോടതി പറഞ്ഞു. സി.ബി.ഐയുടെ അന്വേഷണം ആത്മാര്‍ഥമായല്ളെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിക്കുകയെന്നും കോടതി ഓര്‍മിപ്പിച്ചു.
ദാഭോല്‍കറെയും പന്‍സാരെയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ ആയുധമാണെന്നാണ് സി.ബി.ഐ വാദം. എന്നാല്‍, മുംബൈയിലെയും ബംഗളൂരുവിലെയും ഫോറന്‍സിക് ലാബുകള്‍ വ്യത്യസ്ത റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും തുടര്‍ന്നാണ് വിദഗ്ധ പരിശോധനക്ക് സ്കോട്ട്ലന്‍ഡ് യാര്‍ഡിനെ സമീപിച്ചതെന്നുമാണ് സി.ബി.ഐ കോടതിയില്‍ പറഞ്ഞത്. ഡല്‍ഹിയിലെ ഫോറന്‍സിക് ലാബില്‍നിന്ന് വിദഗ്ധ അഭിപ്രായം തേടാമായിരുന്നു എന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്‍െറ വാദം കോടതിയെ ക്ഷുഭിതരാക്കി. എന്തുകൊണ്ട് ഇതാദ്യം ചെയ്തില്ളെന്നായി കോടതി.
വിദേശത്തുനിന്ന് അഭിപ്രായം ലഭിക്കാനുള്ള പ്രയാസങ്ങളെല്ലാം നിങ്ങള്‍ക്ക് അറിയാം. എന്നിട്ടും സ്വദേശത്തെ വിദഗ്ധരില്‍നിന്ന് അഭിപ്രായം തേടാതെ ബ്രിട്ടീഷ് ഏജന്‍സിയെ സമീപിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഗൗരവമേറിയ സമീപനമായിരുന്നു സി.ബി.ഐ സ്വീകരിക്കേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.