വോട്ടുയന്ത്രം പരിശോധിക്കാൻ ബോംബെ ഹൈകോടതി ഉത്തരവ്
text_fieldsമുംബൈ: കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പുണെ ജില്ലയിലെ പർവതി മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടുയന്ത്രം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാൻ ബോംബെ ഹൈകോടതി ഉത്തരവ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി എ.ബി. ചാജെഡ് നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ഉത്തരവിട്ടത്. പരാതിക്കാരൻ സംശയമുന്നയിച്ച ബൂത്തിലെ വോട്ടുയന്ത്രമാണ് പരിശോധിക്കേണ്ടത്. പരിശോധനക്കുശേഷം കോടതി ഉന്നയിച്ച ഒമ്പതു ചോദ്യങ്ങൾക്ക് ഹൈദരാബാദിലെ ഫോറൻസിക് ലാബ് ഉത്തരം നൽകണം. യന്ത്രത്തിൽ പ്രോഗ്രാമുകൾ ഉപയോഗിച്ചോ ഇൻഫ്രാറെഡ്, ബ്ലൂടൂത്ത് അടക്കമുള്ളവയുടെ സാധ്യത ഉപയോഗിച്ച് പുറത്തുനിന്നോ കൃത്രിമംകാട്ടാൻ കഴിയുമോയെന്നാണ് കോടതിക്ക് അറിയേണ്ടത്.
2014ലെ തെരഞ്ഞെടുപ്പിൽ പർവതി മണ്ഡലത്തിൽ ബി.ജെ.പിയുടെ മാധുരി മിസാലാണ് ജയിച്ചത്. ശിവസേന രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഒരു ബൂത്ത് കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നുവെന്നും ജനം തനിക്ക് നൽകിയ വോട്ടുകൾ മുഴുവൻ കിട്ടിയില്ലെന്ന് ബോധ്യപ്പെട്ടുവെന്നും ചാജെഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.