സ്വതന്ത്ര വ്യാപാരക്കരാറിന് സാധ്യത -ബോറിസ് ജോൺസൺ
text_fieldsഅഹ്മദാബാദ്: ഈ വർഷാവസാനത്തോടെ ഇന്ത്യയുമായി മറ്റൊരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കാനായേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
ദ്വിദിന ഇന്ത്യ സന്ദർശനത്തിനെത്തിയ അദ്ദേഹം വ്യാഴാഴ്ച രാവിലെ അഹ്മദാബാദ് വിമാനത്താവളത്തിൽ വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു. സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ ജോൺസൺ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ കണ്ടു. ബോറിസ് ജോൺസണ് ആതിഥ്യമേകാനായത് അംഗീകാരമാണെന്ന് പിന്നീട് ഗൗതം അദാനി ട്വിറ്ററിൽ കുറിച്ചു. ബോറിസ് ജോൺസണുമൊത്തുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. അദാനി ഗ്രൂപ്പ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സുസ്ഥിര വികസനം, കാലാവസ്ഥ, പുനരുപയോഗം തുടങ്ങിയ കാര്യങ്ങളിൽ പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ട്. പ്രതിരോധ, വ്യോമസാങ്കേതിക മേഖലകളിൽ അദാനി ഗ്രൂപ്പ് യു.കെ കമ്പനികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമൊന്നിച്ച് ജെ.സി.ബി ഫാക്ടറിയും ബോറിസ് ജോൺസൺ സന്ദർശിച്ചു. സോഫ്റ്റ്വെയർ എൻജിനീയറിങ് മുതൽ ആരോഗ്യം വരെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ശതകോടികളുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അദാനി ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപനവുമുണ്ടാകും.
യുക്രെയ്ൻ യുദ്ധകാര്യം നേരത്തേ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതാണെന്ന് ജോൺസൺ പറഞ്ഞു. ഇന്ത്യയും റഷ്യയും ചരിത്രപരമായി പ്രത്യേക ബന്ധമുള്ളവരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏകാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ഇന്ത്യക്കും യു.കെക്കും സമാനമായ ആശങ്കകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഹ്മദാബാദ് വിമാനത്താവളത്തിൽ ജോൺസണ് സ്വാഗതമോതി അദ്ദേഹം താമസിക്കുന്ന ഹോട്ടൽ വരെ നാലു കിലോമീറ്ററിൽ ജനം റോഡിനിരുവശത്തുമായി അണിനിരന്നു. വിമാനത്താവളത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവ്റഥ്, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ പരമ്പരാഗത ഗുജറാത്തി നൃത്ത, സംഗീത കലാസംഘം അണിനിരന്ന് പരിപാടികൾ നടത്തി. ജോൺസന്റെ വാഹനവ്യൂഹം കടന്നുപോയ വഴിയിൽ പലയിടത്തായി വിവിധ കാഴ്ചകൾ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.