കടമെടുപ്പ് പരിധി വർധിപ്പിക്കാനാവില്ല; പലിശ കൊടുത്ത് കേരളം മുടിഞ്ഞു
text_fieldsന്യൂഡൽഹി: റവന്യൂ വരുമാനം നോക്കാതെ വാങ്ങുന്ന കടത്തിന് പലിശ കൊടുത്ത് കേരളം മുടിയുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കേരളത്തിന്റെ കടം ഉയർന്ന സാഹചര്യത്തിൽ കടമെടുപ്പ് പരിധി കൂട്ടാനാവില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിക്കുള്ള മറുപടിയായാണ് കേന്ദ്ര സർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും എട്ടിന് ഡൽഹിയിൽ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്രം കോടതിയിൽ നിലപാട് അറിയിച്ചത്.
റവന്യൂ വരുമാനത്തിന്റെ 10 ശതമാനമോ അതിൽ താഴെയോ മാത്രമേ പലിശ അടവ് പാടുള്ളൂ എന്ന് 14ാം ധനകാര്യ കമീഷൻ നിർദേശിച്ചിരുന്നു. എന്നാൽ, റവന്യൂ വരുമാനത്തിന്റെ അഞ്ചിലൊന്നും (19.98 ശതമാനം) കേരളം കടത്തിന് പലിശയായി മാത്രം നൽകുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ പലിശയടവ് സാമ്പത്തിക-സാമൂഹിക ലക്ഷ്യങ്ങൾക്കുള്ള വിഭവങ്ങളാണ് ഊറ്റുന്നത്.
കേരളത്തിന്റെ കടം അസ്ഥിരമായ തലത്തിലേക്ക് ഉയർന്നു. അത്യന്തം വഷളായ നിലയിൽ കടബാധ്യത എത്തിയ സംസ്ഥാനമായി 12ാം ധനകമീഷൻ വിലയിരുത്തിയിട്ടുണ്ട്. 15ാം ധനകമീഷനും ഇതേ അഭിപ്രായമായിരുന്നു. സംസ്ഥാന സർക്കാറിന്റെ 2016ലെ ധവളപത്രത്തിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം 2017-18 സാമ്പത്തികവർഷം നിരവധി നിയന്ത്രണങ്ങൾ കേരളം കൊണ്ടുവന്നു. 2019ൽ വീണ്ടും ചില നിയന്ത്രണങ്ങൾകൂടി ഏർപ്പെടുത്തി. 2018-19 വര്‍ഷത്തില്‍ റവന്യൂ വരുമാനത്തിന്റെ 78 ശതമാനമായിരുന്നു ചെലവ്. 2021-22ല്‍ ഇത് 82.40 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും സത്യവാങ്മൂലത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.