പ്രതിപക്ഷ പ്രതിഷേധം; പാർലമെന്‍റിന്‍റെ ഇരുസഭകളും ഉച്ചവരെ പിരിഞ്ഞു
text_fieldsന്യൂഡൽഹി: പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ലോക്സഭയും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. സുരക്ഷാ വീഴ്ച സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നുള്ള പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സാഭാധ്യക്ഷന്മാർ തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇരുസഭകളും പിരിഞ്ഞത്.
സുരക്ഷാ വീഴ്ച ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് 23 നോട്ടീസ് ലഭിച്ചെന്ന് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകാർ പറഞ്ഞു. സുരക്ഷാവീഴ്ചയിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ ഉചിതമായ നടപടിയെടുക്കും. ഈ നോട്ടീസുകൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃണമൂൽ എം.പി ഡെറിക് ഒബ്രയാനെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത വിഷയവും പ്രതിപക്ഷം ഉന്നയിച്ചു. ബഹളത്തിനിടെ സഭ പിരിയുകയായിരുന്നു.
സഭ ചേർന്ന് മിനിറ്റുകൾക്കകം പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും പിരിയുകയായിരുന്നു. ഇന്നലെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട 14 എം.പിമാരും പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചു. സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണവും രാജിയും ആവശ്യപ്പെട്ട് പ്രതിഷേധിച്ച 14 പ്രതിപക്ഷ എം.പിമാരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.
സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രോഷം പ്രകടിപ്പിച്ചപ്പോൾ പാർലമെന്‍റ് സുരക്ഷയുടെ ഉത്തരവാദിത്തം തനിക്കാണെന്നും കേന്ദ്ര സർക്കാറിന് ഒരു പങ്കുമില്ലെന്നുമായിരുന്നു ഇന്നലെ ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.