പബ്ജി കളിക്കൂട്ടുകാരനെ പിരിയാൻ വയ്യ; വ്യാജ ബോംബ് ഭീഷണിയുമായി 12കാരൻ, ട്രെയിനുകൾ വൈകി
text_fieldsബംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള കൂട്ടുകാരനെ പിരിയാതിരിക്കാൻ, റെയിൽവെ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് 12കാരന്റെ വ്യാജ സന്ദേശം. പബ്ജി ഗെയ്മിന് അടിമപ്പെട്ട കൗമാരക്കാരൻ തന്നോടൊപ്പം ഗെയിം കളിക്കുന്ന സുഹൃത്തിനെ ട്രെയിൻ യാത്രയിൽനിന്ന് തടയുന്നതിനാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് റെയിൽവെ ഹെൽപ്പ് ലൈനിലേക്ക് ബോംബ് ഭീഷണിയുമായി വിളിക്കുകയായിരുന്നു. ഇതോടെ നിരവധി ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകി.
യെലഹങ്ക സ്വദേശിയായ വിദ്യാർഥിയാണ് ഫോണിലൂടെ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സ്കൂളിലെ സഹപാഠിയും പബ്ജി സഹകളിക്കാരനുമായ സുഹൃത്ത് യെലഹങ്ക സ്റ്റേഷനിൽനിന്ന് കച്ചെഗുഡ എക്സ്പ്രസ് ട്രെയിനിൽ പോകുന്നതിന് മുമ്പാണ് 12കാരന്‍റെ ഫോൺ കോൾ.
വിവരമറിഞ്ഞയുടൻ ട്രെയിനുകൾ സ്റ്റേഷനിൽ പിടിച്ചിട്ട് ബോംബ് സ്ക്വാഡും ആർ.പി.എഫ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ ഫോൺ കാളാണെന്ന് വ്യക്തമായി.
കാൾ വന്ന ഫോൺ നമ്പറിലേക്ക് തിരിച്ചുവിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. നമ്പറിന്‍റെ ടവർ ലോക്കേഷൻ പരിശോധിച്ചപ്പോഴാണ് യെലഹങ്ക വിനായക് നഗറിലാണെന്ന് കണ്ടെത്തിയത്.
തുടർന്ന് 12കാരനെ കണ്ടെത്തി കൗൺസലിങ് നൽകി. മാതാപിതാക്കൾ നൽകിയ സ്മാർട്ട് ഫോണിലാണ് 12കാരൻ ഗെയിം കളിച്ചിരുന്നത്. ഒപ്പം പബ്ജി കളിക്കുന്ന കുട്ടുകാരൻ ട്രെയിൻ കയറി പോകാതിരിക്കാനാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണിലൂടെ വ്യാജ ഭീഷണി മുഴക്കിയതെന്ന് 12കാരൻ സമ്മതിച്ചു. പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർഥിക്ക് താക്കീത് നൽകി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.