'നിതി'യിൽ നീതിയില്ല
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉൾപ്പെട്ട Boycott in NITI Aayog Governing Council. ഞായറാഴ്ച പ്രധാനമന്ത്രി വിളിച്ച കൗൺസിൽ യോഗത്തിൽ നിന്ന് ബി.ജെ.പി സഖ്യകക്ഷിയായ ജനതാദൾ-യു വിനെ നയിക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എന്നിവർ വിട്ടു നിൽക്കും.
സംസ്ഥാനങ്ങളുടെ വാക്കിനു വില കൽപിക്കാത്ത നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നത് പാഴ്വേലയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച പ്രതിഷേധക്കത്തിൽ തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ പോലും സമയം കിട്ടാറില്ല. യോഗത്തിന്റെ അജണ്ട തയാറാക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് റോളില്ല. മുഖ്യമന്ത്രിമാരുടെ സമിതി മുന്നോട്ടുവെച്ച ശിപാർശകൾ അവഗണിക്കപ്പെട്ട കാര്യവും ചന്ദ്രശേഖര റാവു ചൂണ്ടിക്കാട്ടി.
മോദിയുടെ ക്ഷണം പ്രധാനസഖ്യകക്ഷിയുടെ നേതാവായ നിതീഷ് കുമാർ ബഹിഷ്കരിക്കുന്നത് ഒരു മാസത്തിനിടയിൽ രണ്ടാം തവണയാണ്. രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞപ്പോൾ നൽകിയ വിരുന്നിലോ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിലോ പങ്കെടുത്തില്ല. അഗ്നിപഥ്, ജാതി സെൻസസ് എന്നിവയുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ പരസ്യമായ നിലപാടെടുക്കുകയും ചെയ്തിരുന്നു.
കോവിഡ് മുക്തനായ നിതീഷ് കുമാർ തിങ്കളാഴ്ച ബിഹാറിലെ മറ്റു ചടങ്ങുകളിൽ പങ്കെടുക്കാനിരിക്കേ തന്നെയാണ് മോദി വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഉപമുഖ്യമന്ത്രിയെ അയക്കാമെന്ന് അറിയിച്ചെങ്കിലും കേന്ദ്രം വിയോജിച്ചു. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമാണ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണിത്.
യോഗത്തിൽ പങ്കെടുക്കുമെങ്കിലും കാർഷികോൽപന്നങ്ങൾക്ക് നിയമപരമായി മിനിമം താങ്ങുവില ഉറപ്പാക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത്സിങ് മാൻ പറഞ്ഞത്. അതേസമയം, യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി.
കോൺഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പങ്കെടുക്കുന്നുണ്ട്. കോവിഡ് തുടങ്ങിയ ശേഷം മൂന്നു വർഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നേരിൽ കാണുന്നത്.
മോദിക്കുള്ള കത്തിൽ ചന്ദ്രശേഖർ റാവു പറഞ്ഞ കാര്യങ്ങൾ:
• ഇന്ത്യയെ ശക്തമായൊരു വികസിത രാജ്യമാക്കാനുള്ള കൂട്ടായ ശ്രമത്തിൽ തുല്യപങ്കാളികളായി കാണാതെ സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം തുടരുന്നു. കേന്ദ്രസർക്കാറിന്റെ ബോധപൂർവമായ പ്രവർത്തനങ്ങൾ വഴി ഇന്ത്യയുടെ സഹകരണാത്മക ഫെഡറൽ ഘടന തകർത്തു.
• കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ പുതുക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിമാരുടെ ഉപസമിതി ശിപാർശ ചെയ്തിട്ട് കേന്ദ്രം കണ്ടില്ലെന്നു നടിക്കുന്നു. പദ്ധതികൾ ഇപ്പോഴും കേന്ദ്രത്തിന്റെ സൂക്ഷ്മ നിയന്ത്രണത്തിൽ തന്നെ.
• ആസൂത്രണ കമീഷൻ ഉണ്ടായിരുന്നപ്പോൾ വാർഷിക പദ്ധതി വിശദമായി ചർച്ച ചെയ്തിരുന്നു. ഇപ്പോൾ പ്ലാൻ തന്നെ ഇല്ലാതായി. നിതി ആയോഗിൽ അർഥപൂർണമായ ചർച്ചയൊന്നും നടക്കുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം എന്നിവക്കെല്ലാം മുന്നിൽ കേന്ദ്രം നിശ്ശബ്ദ കാഴ്ചക്കാർ മാത്രം.
• ഉന്നത പദവിയിലിരിക്കുന്ന ചില നേതാക്കളുടെ നിരുത്തരവാദ പ്രസ്താവനകളും സാമുദായികച്ചുവ നിറഞ്ഞ പരാമർശങ്ങളും രാജ്യത്തിന്റെ സമുദായ സൗഹാർദവും അന്താരാഷ്ട്ര പ്രതിഛായയും തകർക്കുമ്പോഴും, നിയന്ത്രിക്കാൻ കേന്ദ്രം തയാറാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.