സ്കൂളിൽ ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം: കുട്ടിക്കുറ്റവാളിയുടെ കാര്യത്തിൽ പുനർവിചിന്തനം വേണമെന്ന് സുപ്രീം കോടതി
text_fieldsഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഏഴ് വയസ്സുകാരനെ കൊലെപ്പടുത്തിയ സംഭവത്തിൽ നിർണായക വിധിയുമായി സുപ്രീം കോടതി. പ്രതിയായ 16കാരനെ മുതിർന്നയാളായി പരിഗണിക്കണമെന്ന കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. എന്നാൽ, കുട്ടിക്കുറ്റവാളികളുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം എന്നതുൾപ്പടെ നിർണായക നിർദേശങ്ങൾ കോടതി മുന്നോട്ടുവച്ചു.
2018 ഒക്ടോബർ 11ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് മരിച്ച കുട്ടിയുടെ പിതാവ് നൽകിയ അപ്പീലുകൾ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു. കേന്ദ്രത്തോടും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോടും ഇത്തരം കാര്യങ്ങളിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 16 കാരനായ വിദ്യാർഥിയെ വിചാരണ വേളയിൽ മുതിർന്നയാളായി കണക്കാക്കാമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതിയെ പ്രായപൂർത്തിയായതായി കണക്കാക്കി വിചാരണ ചെയ്യണമെന്ന കീഴ്‌ക്കോടതി വിധി നിയമത്തിന്റെ മുന്നിൽ നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെയാണ് അന്ന് ഉത്തരവ് റദ്ദാക്കിയത്.
2017-ൽ സ്വകാര്യ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരീക്ഷകൾ മാറ്റിവെക്കാനും രക്ഷാകർതൃ-അധ്യാപക മീറ്റിങ് റദ്ദാക്കാനും വേണ്ടി 2017 സെപ്റ്റംബർ എട്ടിന് കൗമാരക്കാരൻ വിദ്യാർഥിയെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. ഗുരുഗ്രാമിലെ ബോണ്ട്‌സി മേഖലയിലെ സ്‌കൂളിലെ ടോയ്‌ലറ്റിലാണ് കഴുത്തറുത്ത നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
കേസിന്റെ തുടക്കത്തില്‍ ഹരിയാന പോലീസ് സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡനം ചെറുത്ത കുട്ടിയെ ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊന്നുവെന്നായിരുന്നു കേസ്. സ്‌കൂളിലെ ബാത്ത്‌റൂമിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അശോക് കുമാര്‍ ആര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. പ്രദ്യുമാന്‍ താക്കൂറിന്റെ മാതാപിതാക്കളും കൊലപാതകത്തിന് പിന്നില്‍ മറ്റാരോ ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. കൊലപാതകത്തിൽ രാജ്യവ്യാപകമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് 2017 സെപ്റ്റംബർ 22-ന് ഗുരുഗ്രാം പോലീസിൽ നിന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തു.
അതേസമയം തന്റെ മകന്‍ നിരപരാധിയാണെന്നും സംഭവ ദിവസം അവന്റെ വസ്ത്രങ്ങളില്‍ രക്തക്കറയൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് പ്രതിയായ കുട്ടിയുടെ പിതാവ് പറയുന്നത്. പ്രദ്യുമാന്‍ ബാത്ത്‌റൂമില്‍ കിടക്കുന്ന വിവരം തന്റെ മകനാണ് അധ്യാപകരെയും തോട്ടക്കാരനെയും അറിയിച്ചതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിബിഐയ്ക്ക് തന്റെ മകനെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകളന്നുമില്ലെന്നും മകനെ കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍, പ്രദ്യുമാന്‍ കൊല്ലപ്പെട്ട ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പരിസരത്ത് ഒരു കത്തിയുമായി കണ്ടെന്നാണ് സി.ബി.ഐക്ക് ലഭിച്ച വിവരം. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയായ പതിനാറുകാരന്റെ പേര് ഉപയോഗിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ കോടതി നേരത്തെ വിലക്കുകയും പകരം സാങ്കൽപ്പിക പേരുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരയായ ഏഴുവയസ്സുകാരനെ കോടതി "പ്രിൻസ്" എന്ന് വിളിച്ചപ്പോൾ പ്രായപൂർത്തിയാകാത്ത പ്രതിയെ "ഭോലു" എന്നും സ്കൂളിനെ "വിദ്യാലയ" എന്നും വിളിക്കുകയായി രുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.