ബി.പി.സി.എൽ, എയർ ഇന്ത്യ വിൽപന പുതിയ ഘട്ടത്തിൽ
text_fieldsന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപറേഷൻ, എയർ ഇന്ത്യ എന്നീ വൻകിട സ്ഥാപനങ്ങളുടെ ഓഹരി വിൽപന നടപടി പുതിയ ഘട്ടത്തിലേക്ക്.
കൊച്ചി എണ്ണശുദ്ധീകരണ ശാല ഉൾപ്പെടുന്ന ബി.പി.സി.എല്ലിൽ സർക്കാറിനുള്ള 52.98 ശതമാനം ഓഹരി മുഴുവനായി വാങ്ങുന്നതിന് മൂന്നു സ്വകാര്യ കമ്പനികളിൽനിന്ന് ലഭിച്ച താൽപര്യപത്രങ്ങൾ പെട്രോളിയം മന്ത്രാലയത്തിെൻറ ഉന്നതതല സമിതി ചൊവ്വാഴ്ച പരിശോധിക്കും.
ഖനനരംഗത്തെ അതികായരായ വേദാന്ത ഗ്രൂപ്പിനു പുറമെ, അപ്പോളോ ഗ്ലോബൽ, തിങ്ക് ഗ്യാസ് എന്നിവയാണ് താൽപര്യപത്രം നൽകിയത്. എയർ ഇന്ത്യ വാങ്ങാൻ ടാറ്റാ ഗ്രൂപ് പ്രാഥമിക താൽപര്യ പത്രം നൽകി. ടാറ്റ സൺസ് 51 ശതമാനം ഓഹരി നിയന്ത്രിക്കുന്ന എയർ ഏഷ്യ ഇന്ത്യയുടെ പേരിലാണ് താൽപര്യപത്രം നൽകിയതെന്നാണ് വിവരം.
209 എയർ ഇന്ത്യ ജീവനക്കാരുടെ കൂട്ടായ്മയും നിക്ഷേപകരുടെ പിന്തുണയോടെ താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ആരാണ് പണം മുടക്കുകയെന്ന് വെളിപ്പെടുത്താൻ ഈ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുന്ന എയർ ഇന്ത്യ കമേഴ്സ്യൽ ഡയറക്ടർ മീനാക്ഷി മല്ലിക് വിസമ്മതിച്ചു.
51 ശതമാനം ഓഹരി ജീവനക്കാരുടെ കൂട്ടായ്മയും 49 ശതമാനം നിക്ഷേപകനും കൈവശംവെക്കാനാണ് ആലോചന. 209 ജീവനക്കാരും ഒരു ലക്ഷം രൂപ വീതം ഇതിനായി നൽകും. ഈ പ്രാഥമിക താൽപര്യപത്രങ്ങൾ 28ന് പരിശോധിക്കും. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിെൻറയും നൂറുശതമാനം ഓഹരികളും കൈമാറാനാണ് സർക്കാർ പദ്ധതി. ഒപ്പം ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികൾ നടത്തുന്ന എയർ ഇന്ത്യ-സാറ്റ്സ് സംയുക്ത സംരംഭത്തിെൻറ 50 ശതമാനവും വിൽക്കും.
പണഞെരുക്കത്തിനിടയിൽ ഓഹരി വിൽപന നടപടി വേഗത്തിലാക്കുകയാണ് സർക്കാർ. നടപ്പു വർഷം 2.1 ലക്ഷം കോടി രൂപ ഓഹരി വിറ്റ് സമാഹരിക്കാനാണ് ലക്ഷ്യമെങ്കിലും സാമ്പത്തിക മാന്ദ്യത്തിനിടയിൽ പറ്റിയ നിക്ഷേപകരെയോ മികച്ച വിലയോ കിട്ടാത്ത സ്ഥിതിയുണ്ട്. ഇതിനിടയിലാണ് ബി.പി.സി.എൽ, എയർ ഇന്ത്യ വിൽപന നീക്കം സർക്കാർ ഊർജിതമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.