അംബേദ്കർ പരാമർശം: അമിത് ഷാക്കെതിരേ പ്രതിഷേധം കത്തിക്കാൻ കോൺഗ്രസ്; പ്രതിഷേധ മാർച്ചും രാഷ്ട്രപതിക്ക് കൂട്ടനിവേദനവും
text_fieldsന്യൂഡൽഹി: ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറെ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ അമിത് ഷാ അപമാനിച്ച സംഭവം പാർലമെന്‍റിന് പുറത്തും കത്തിക്കാൻ കോൺഗ്രസ് തീരുമാനം. അമിത് ഷായെ കേന്ദ്ര മന്ത്രി പദത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഇന്നും നാളെയും കോൺഗ്രസ് എം.പിമാരും പ്രവർത്തക സമിതിയംഗങ്ങളും വാർത്താസമ്മേളനങ്ങൾ നടത്തും.
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതിക്ക് കൂട്ടനിവേദനം നൽകും. സംസ്ഥാനങ്ങളിൽ ജില്ല കലക്ടർമാർ മുഖേന നിവേദനം കൈമാനാണ് തീരുമാനം. ഡിസംബർ 24ന് 'ബാബാ സാഹിബ് അംബേദ്കർ സമ്മാൻ മാർച്ചുകൾ' സംഘടിപ്പിക്കുമെന്നും വരുന്ന ആഴ്‌ച ഡോ. അംബേദ്കർ സമ്മാൻ സപ്താഹ് ആയി ആചരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
24ന് കോൺഗ്രസ് പ്രവർത്തകർ അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തുകയും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളിൽ മാർച്ച് സംഘടിപ്പിക്കും. മാർച്ചിന്‍റെ മുൻവശത്ത് അംബേദ്കറിന്‍റെ ഭീമാകാരമായ ഛായാചിത്രം പിടിക്കും. അംബേദ്കറിനോടും അദ്ദേഹത്തിന്‍റെ ആദർശങ്ങളോടുമുള്ള പ്രതിബദ്ധത കോൺഗ്രസ് ആവർത്തിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
ഡിസംബർ 26ന് കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ തുടർ പ്രതിഷേധ പരിപാടികൾക്ക് അന്തിമ രൂപം നൽകും. പ്രവർത്തക സമിതിയോഗത്തോടൊപ്പം കൂറ്റൻ റാലിയും സംഘടിപ്പിക്കും. ഇതോടൊപ്പം, ഇൻഡ്യ മുന്നണിയുടെ യോഗം വിളിച്ച് അംബേദ്കർ വിഷയത്തിൽ കൂട്ടായ പ്രക്ഷോഭം സംഘടിപ്പിക്കാനും കോൺഗ്രസ് നീക്കമുണ്ട്.
രാജ്യസഭയിൽ രണ്ട് ദിവസത്തെ ഭരണഘടനാ ചർച്ചക്ക് സമാപനം കുറിച്ച് നടത്തിയ മറുപടി പ്രസംഗത്തിലാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്നത് ഇപ്പോൾ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാന്റെ നാമം ഉരുവിട്ടിരുന്നുവെങ്കിൽ ഏഴ് ജന്മത്തിലും സ്വർഗം ലഭിക്കുമായിരുന്നു’ -എന്നാണ് അമിത് ഷാ പറഞ്ഞത്.
പ്രതിപക്ഷം അംബേദ്കറെ നിരന്തരം ഉദ്ധരിക്കുന്നതിനെതിരായ അമിത് ഷായുടെ പരിഹാസത്തിൽ ഭരണപക്ഷ ബെഞ്ച് പങ്കുചേരുകയും ചെയ്തു. അമിത് ഷായുടെ പരാമർശത്തിൽ പ്രതിഷേധിച്ച് അംബേദ്കറുടെ ചിത്രവുമേന്തി 'ജയ് ഭീം' മുദ്രാവാക്യം വിളിച്ച് ഇൻഡ്യ മുന്നണി എം.പിമാർ പാർലമെന്‍റിൽ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്‍റ് വളപ്പ് അസാധാരണ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.