ബ്രാഹ്മണരെയും ബനിയകളെയും പോക്കറ്റിലാക്കി ബി.ജെ.പി നേതാവ്; വിവാദമായപ്പോൾ ക്ഷമാപണം
text_fieldsഭോപ്പാൽ: മധ്യപ്രദേശിൽ ബ്രാഹ്മണരും ബനിയകളും തന്‍റെ പോക്കറ്റിലാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി പി. മുരളീധർ റാവു.
പ്രസ്താന വിവാദമായതോടെ തന്‍റെ വാക്കുകൾ പ്രതിപക്ഷം വളച്ചൊടിച്ചതാണെന്ന് ആരോപിച്ച് ക്ഷമാപണം നടത്തി. വിവാദ പരാമർശം നടത്തിയ റാവു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനമാണ് റാവുവിനെ കുഴക്കിയത്. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് ബി.ജെ.പി പ്രത്യേക ഊന്നൽ നൽകുമെന്നും വോട്ട് ബാങ്കിന് അപ്പുറത്ത് അവരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും റാവു പറഞ്ഞിരുന്നു.
'സബ് കാ സാത്ത് സബ് കാ വികാസ്' എന്ന പാർട്ടി മുദ്രാവാക്യത്തിന് എതിരല്ലേ ഇതെന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി ആയാണ് പ്രബല വിഭാഗങ്ങളായ ബ്രാഹ്മണരും ബനിയകളും തങ്ങളുടെ പോക്കറ്റിലാണെന്ന മറുപടി നൽകിയത്. ഇതാണ് വിവാദമായത്. ആറ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധവും കനത്തു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെയാണ് തിരുത്തും ക്ഷമാപണവുമായി റാവു തന്നെ രംഗത്തെത്തിയത്. ബി.ജെ.പി എല്ലാവരുടെയും പാർട്ടിയാണെന്നും എല്ലാവർക്കും സ്ഥാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.