കനത്ത സുരക്ഷയിൽ ബ്രജ് മണ്ഡൽ യാത്ര സമാപിച്ചു
text_fieldsനുഹ് (ഹരിയാന): വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്ര കനത്ത സുരക്ഷയിൽ പര്യവസാനിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഹരിയാനയിലെ നൽഹാർ മഹാദേവ് മന്ദിറിൽനിന്നാണ് യാത്ര ആരംഭിച്ചത്. കഴിഞ്ഞ വർഷം യാത്ര വർഗീയ കലാപത്തിലേക്ക് വഴിമാറിയ പശ്ചാത്തലത്തിൽ ഇത്തവണ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ഹിന്ദുക്കളും മുസ്ലിംകളും യാത്രക്ക് സ്വീകരണം നൽകി. തെറ്റായ വിവരങ്ങളും വിദ്വേഷ പ്രചാരണവും തടയാൻ നുഹ് ജില്ലയിൽ ഞായറാഴ്ച മുതൽ 24 മണിക്കൂർ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു. കൂട്ട എസ്.എം.എസും തടഞ്ഞു. യാത്ര പൂർത്തിയാകുന്നത് വരെ മദ്യശാലകൾ അടച്ചിട്ടു. യാത്ര കടന്നുപോകുന്ന വഴികളിൽ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. സി.സി.ടി.വി കാമറകളടക്കം സജ്ജീകരിച്ചിരുന്നു. ഡ്രോൺ നിരീക്ഷണവും നടത്തി.
ഞായറാഴ്ച ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഫ്ലാഗ് മാർച്ച് നടത്തി. ‘ഹർ ഹർ മഹാദേവ്’, ‘ജയ് ശ്രീറാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നീങ്ങിയയാത്ര 80 കിലോമീറ്റർ സഞ്ചരിച്ച് ഫിറോസ്പൂർ ജിർക്കയിലെ ജീർ ക്ഷേത്രം വഴി സിംഗാറിലാണ്സമാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ മുസ്ലിം സമുദായ കൂട്ടായ്മകൾ യാത്രയെ അഭിവാദ്യം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഖിലേന്ത്യ ഇമാം ഓർഗനൈസേഷൻ ചെയർമാൻ ഉമർ അഹമ്മദ് ഇല്യാസി കഴിഞ്ഞ ദിവസം നുഹിലെ നൽഹർ മഹാദേവ് ക്ഷേത്രം സന്ദർശിച്ച് സമാധാനാഭ്യർഥന നടത്തി.
ഈ വർഷം ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്ര ഹിന്ദു -മുസ്ലിം സാഹോദര്യത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് ആത്മീയ നേതാവ് മഹാമണ്ഡലേശ്വർ സ്വാമി ധരംദേവ് പ്രതികരിച്ചു. സമാധാനത്തോട് പ്രതിബദ്ധത പുലർത്തിയ ഇരു സമുദായങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. 2023 ജൂലൈ 31ന് നടന്ന ബ്രജ് മണ്ഡൽ ജലാഭിഷേക് ഘോഷയാത്ര വർഗീയ കലാപത്തിലേക്ക് വഴിമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.