പാക് തടവറയിൽനിന്ന് കണ്ണീരോടെ ശംസുദ്ദീൻ ജന്മനാട്ടിൽ തിരിച്ചെത്തി
text_fieldsകാൺപുർ: ചാരനെന്ന മുദ്രയിൽ തടവറയിരുട്ടിൽ എട്ടു വർഷത്തെ ജീവിതത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ ശംസുദ്ദീൻ വിതുമ്പി. 1992ൽ 90 ദിവസത്തെ വിസയിൽ പാകിസ്താനിലേക്ക് കുടിയേറി, ഒടുവിൽ ഇന്ത്യൻ ചാരനെന്ന് ആരോപിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വന്ന ഈ കാൺപുരുകാരൻ ഈയിടെയാണ് മോചിതനായത്.
കഴിഞ്ഞ ഒക്ടോബർ 26ന് അട്ടാരി അതിർത്തി വഴി ഇന്ത്യയിലെത്തിയ ഈ എഴുപതുകാരൻ കോവിഡ് ക്വാറൻറീനിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് യു.പി കാൺപുരിലെ കാങ്ഗി മൊഹല്ലയിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.
സന്തോഷവും സങ്കടവും നിറഞ്ഞ മനസ്സോടെ വിതുമ്പിയ ഇദ്ദേഹം, താൻ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു പാകിസ്താനിലേക്ക് പോയതെന്ന് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. അവിടെ കുടിയേറ്റക്കാരെ അവഹേളിക്കുമെന്നും ഇന്ത്യക്കാരെ ശത്രുക്കളായാണ് കാണുന്നതെന്നും ശംസുദ്ദീൻ കൂട്ടിച്ചേർത്തു.
ഒരു പരിചയക്കാരനൊപ്പം 1992ലാണ്, വിസ സംഘടിപ്പിച്ച് പാകിസ്താനിലെത്തുന്നത്്. 1994 ൽ ഇദ്ദേഹത്തിന് പാക് പൗരത്വം ലഭിച്ചു. എന്നാൽ, അപ്രതീക്ഷിതമായി 2012ൽ, ചാരപ്രവർത്തനം ആരോപിച്ച് പാക് അധികൃതർ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു കറാച്ചി ജയിലിൽ അടക്കുകയായിരുന്നു.
''ഇന്ത്യക്കാരെ വളരെ മോശമായാണ് പാകിസ്താനിൽ കണക്കാക്കുന്നത്. കൈക്കൂലിയും അഴിമതിയും മാത്രമാണ് അവിടെ'' -ശംസുദ്ദീൻ പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ നാട്ടുകാരും പ്രദേശത്തെ പൊലീസും പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.