എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചു; പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും
text_fieldsന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തിയതോടെ രാജ്യത്താകെ യാത്രക്കാരെ വലച്ച സമരം അവസാനിച്ചു. വ്യാഴാഴ്ച ഡൽഹിയിൽ റീജനൽ ലേബർ കമീഷണറുടെ മധ്യസ്ഥതയിൽ മാനേജ്മെന്റ് പ്രതിനിധികളും എയർഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ പ്രതിനിധികളും നടത്തിയ യോഗത്തിലാണ് സമവായത്തിലെത്തിയത്.
സമരത്തെതുടർന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്നും തൊഴിലാളികൾ ഉന്നയിച്ച പ്രശ്നം പരിശോധിക്കുമെന്നും മാനേജ്മെന്റ് ഉറപ്പുനൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു. അവധിയെടുത്തവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഉടൻ ജോലിയിൽ പ്രവേശിക്കും. മേയ് 28ന് വീണ്ടും ചർച്ച നടത്താനും തീരുമാനമായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മാനേജ്മെന്റ് പ്രതിനിധികളും യൂനിയനും ഒപ്പുവെച്ചു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് കമ്പനിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് 327 മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ ബുധനാഴ്ച രാവിലെമുതൽ കൂട്ടമായി രോഗാവധിയെടുത്തതോടെ 170 സർവിസുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഫ്ലൈറ്റുകളിൽ പോകാനിരുന്ന യാത്രികർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും ആവശ്യമുള്ളവർക്ക് മറ്റൊരു തീയതിയിൽ യാത്ര ഷെഡ്യൂൾ ചെയ്യാമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ജീവനക്കാരുടെ സമരം അവസാനിക്കുന്നതിന് മുമ്പ് എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ച റദ്ദാക്കിയത് 85 വിമാനങ്ങൾ. യാത്രക്കാരുടെ സൗകര്യാർഥം 20 റൂട്ടുകളിൽ സർവിസ് നടത്തി. ചില വ്യക്തികളുടെ പ്രവൃത്തികൾ ആയിരക്കണക്കിന് യാത്രക്കാർക്ക് കടുത്ത അസൗകര്യം സൃഷ്ടിച്ചതിനാൽ അവർക്കെതിരെ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയാണെന്ന് എയർ ഇന്ത്യ രാവിലെ അറിയിച്ചിരുന്നു. വ്യാഴാഴ്ച 283 വിമാനങ്ങളാണ് സർവിസ് നടത്തിയത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 368 വിമാനങ്ങൾ പ്രതിദിനം സർവിസ് നടത്തുന്നുണ്ട്. സർവിസ് റദ്ദാക്കിയത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടിയിരുന്നു. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
മുമ്പ് എയർ ഏഷ്യ ഇന്ത്യയായിരുന്ന എ.ഐ.എക്സ് കണക്റ്റുമായി എയർ ഇന്ത്യ എക്സ്പ്രസിനെ ലയിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത് മുതൽ ഒരുവിഭാഗം ജീവനക്കാർക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. ദീർഘനാളായി ജോലി ചെയ്യുന്നവർക്ക് പോലും ആവശ്യത്തിന് ലീവ് ലഭിക്കാത്തതും പലരോടും വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നതുമടക്കം കമ്പനിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സമരത്തിലുള്ള തൊഴിലാളി പറഞ്ഞു. 1400ഓളം ജീവനക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസിലുള്ളത്. ഇതിൽ 500ഓളം പേർ സീനിയർ തലത്തിലുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.