കോഴ ആരോപണം: തിഹാർ ജയിൽ മേധാവിയെ മാറ്റി
text_fieldsന്യൂഡൽഹി: ജയിലിൽ സംരക്ഷണമൊരുക്കാനായി തട്ടിപ്പുകേസിലെ പ്രതിയിൽനിന്ന് പത്തുകോടി തട്ടിയെന്ന ആരോപണത്തിന് വിധേയനായ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയലിനെ തിഹാർ ജയിലിൽനിന്ന് സ്ഥലം മാറ്റി. പകരം സഞ്ജയ് ബെനിവാളിനെ നിയമിച്ചു. സന്ദീപ് ഗോയലിനോട് ജയിൽ ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
200 കോടി രൂപയുടെ തട്ടിപ്പുകേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന സുകേഷ് ചന്ദ്രശേഖറാണ് ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിൻ തന്റെ കൈയിൽനിന്ന് പത്തുകോടി തട്ടിയെന്നാരോപിച്ച് ഡൽഹി ലഫ്റ്റനന്റ് ജനറൽ വി.കെ. സക്സേനക്ക് കത്തെഴുതിയത്.
പാർട്ടിയിൽ പ്രധാന പദവി നൽകാമെന്നും രാജ്യസഭ സീറ്റ് നൽകാമെന്നും വാഗ്ദാനം ചെയ്ത് ജെയിൻ 50 കോടി രൂപ വാങ്ങിയെന്നും ചന്ദ്രശേഖർ വെളിപ്പെടുത്തിയിരുന്നു. ജെയിൻ പലതവണ തന്നെ ജയിലിൽ സന്ദർശിച്ചിരുന്നെന്നും ചന്ദ്രശേഖർ ആരോപിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി. ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ തന്റെ അടുത്തയാളെന്ന് ജെയിൻ പറഞ്ഞു.
തുടർന്ന് ജയിലിൽ മികച്ച സൗകര്യങ്ങളൊരുക്കാമെന്നുപറഞ്ഞ് സന്ദീപ് മൂന്നുമാസത്തിനിടെ പത്തുകോടി രൂപ വാങ്ങിയെന്നും ജെയിനിന്റെ കൊൽക്കത്ത ബന്ധങ്ങൾ വഴിയാണ് പണം നൽകിയതെന്നുമായിരുന്നു വെളിപ്പെടുത്തൽ. തിഹാർ ജയിൽ ഡൽഹി സർക്കാറിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. കോഴ സംബന്ധിച്ച വിശദാംശങ്ങൾ താൻ ഇ.ഡിക്ക് കൈമാറിയെന്നും സുകേഷ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.