‘ഗോവ പ്രഖ്യാപനം’ അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം
text_fieldsബെനോലിം (ഗോവ): ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ ആഹ്വാനംചെയ്യുന്ന ‘ഗോവ പ്രഖ്യാപനം’ അഗീകരിച്ച്, ഇന്ത്യ ആതിഥേയത്വം വഹിച്ച എട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. അതിര്‍ത്തി കടന്നുള്ളതടക്കം എല്ലാവിധ ഭീകരതക്കും എതിരായ പോരാട്ടത്തിനും അംഗരാജ്യങ്ങള്‍ തമ്മിലെ സമഗ്ര സഹകരണത്തിനും ബ്രിക്സ് വാര്‍ഷിക സമ്മേളനം അംഗീകരിച്ച ഗോവ പ്രഖ്യാപനം ആഹ്വാനംചെയ്യുന്നു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിന്‍െറ അടുത്ത സമ്മേളനം ചൈനയില്‍ നടത്താനും ധാരണയായി. ഭീകരവാദത്തെ വളര്‍ത്തുന്നവരും അഭയം നല്‍കുന്നവരും അതിനെ പിന്തുണക്കുന്നവരും ഭീകരരെപ്പോലത്തെന്നെ ഭീഷണിയാണെന്ന് ബ്രിക്സ് അംഗരാജ്യങ്ങള്‍ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടതായി സമാപനപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഉച്ചകോടിക്കിടെ നടന്ന പ്ളീനറി സമ്മേളനത്തിലാണ് ‘ഗോവ പ്രഖ്യാപനം’ അംഗരാജ്യങ്ങള്‍ അംഗീകരിച്ചത്. സാമ്പത്തിക പുരോഗതിക്കായി ചെയ്യുന്ന കാര്യങ്ങള്‍ പരിസ്ഥിതി സംരക്ഷണവുമായി ഒത്തുപോകണമെന്ന് പ്രഖ്യാപനം ഊന്നിപ്പറഞ്ഞു. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രിക്സ് ബാങ്ക് തുടര്‍ന്നും പശ്ചാത്തല സൗകര്യം, സാങ്കേതികത, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും.
ആഗോള സാമ്പത്തിക വിതരണത്തിലെ അന്തരം നികത്താന്‍ സ്വതന്ത്ര ബ്രിക്സ് റേറ്റിങ് ഏജന്‍സിയുടെ രൂപവത്കരണം വേഗത്തിലാക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും തുറന്ന സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി മാറിയെന്ന് പറഞ്ഞ മോദി, ഗവണ്‍മെന്‍റ് നടപ്പാക്കുന്ന പരിഷ്കരണ നടപടികള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായും അവകാശപ്പെട്ടു.
‘ബിംസ്ടെക്’ (ദക്ഷിണേഷ്യ- ദക്ഷിണ-കിഴക്കന്‍ ഏഷ്യ രാജ്യങ്ങളുടെ കൂട്ടായ്മ) അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായും മോദി കൂടിക്കാഴ്ച നടത്തി.
ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, മ്യാന്മര്‍ കൗണ്‍സിലര്‍ ഓങ്സാന്‍ സൂചി എന്നിവരുമായും ബംഗ്ളാദേശ്, നേപ്പാള്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായുമാണ് പ്രധാനമന്ത്രി ചര്‍ച്ചനടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.