ബ്രിക്സ് ഉച്ചകോടി: ഭീകരതക്കെതിരെ സന്ധിയില്ലാ നിലപാട് –ഇന്ത്യ, റഷ്യ
text_fieldsബെനോലിം (ഗോവ): ഭീകരര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരെ സന്ധിയില്ലാ നിലപാടെടുക്കുമെന്ന് ഇന്ത്യ- റഷ്യ സംയുക്ത പ്രഖ്യാപനം. ഗോവയില്‍ ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും ഭീകരതക്കെതിരായ കര്‍ശന നിലപാട് ഊന്നിപ്പറഞ്ഞത്.
ഭീകരതാ വിഷയത്തില്‍ ഇന്ത്യയുടെയും റഷ്യയുടെയും നിലപാട് സമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, തങ്ങള്‍ നടത്തിയ സംഭാഷണത്തിനിടെ ഉറി ഭീകരാക്രമണത്തെ പുടിന്‍ അതിശക്തമായി അപലപിച്ചതിനെ പ്രകീര്‍ത്തിച്ചു. പാകിസ്താന്‍ പിന്തുണയോടെയുള്ള ഭീകരതയെയും പുടിന്‍ അപലപിച്ചത് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒന്നാകെ അപകടപ്പെടുത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരായ പോരാട്ടത്തിന് റഷ്യ നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇരു രാഷ്ട്രനേതാക്കളും തമ്മിലെ കൂടിക്കാഴ്ചയില്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരവാദം ചര്‍ച്ചയായോ എന്ന ചോദ്യത്തിന് ഉറിയും അതിന് പാകിസ്താന്‍ നല്‍കിയ പിന്തുണയും വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പ്രതികരിച്ചു.
ഇന്ത്യയുമായി സവിശേഷ സാഹചര്യങ്ങളിലും അല്ലാതെയുമുള്ള പ്രതിരോധ സഹകരണം തുടരുന്നതില്‍ റഷ്യ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രസിഡന്‍റ് പുടിന്‍ പറഞ്ഞു.
ഭീകരവാദം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യക്കും റഷ്യക്കും വിഭിന്ന നിലപാടില്ളെന്ന് ഇരുരാജ്യങ്ങളും ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വ്യക്തമാക്കി. അതേസമയം, ഭീകരത നയമായി കൊണ്ടുനടക്കുന്ന പാകിസ്താനൊപ്പം റഷ്യ സൈനിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിലെ ആശങ്ക ഇന്ത്യ അറിയിച്ചു. ഇക്കാര്യം അവര്‍ ഗൗരവത്തോടെ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതില്‍ ഇന്ത്യക്ക് സംതൃപ്തിയുണ്ടെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ റഷ്യ ചെയ്യില്ളെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭീകരത അമര്‍ച്ച ചെയ്യാന്‍ രാജ്യാന്തരതലത്തില്‍ സമഗ്രവും പഴുതില്ലാത്തതുമായ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിന്‍െറ ആഗോള ഭീകരവിരുദ്ധ നയം ഇരട്ടത്താപ്പില്ലാതെ നടപ്പാക്കണമെന്ന് ഇന്ത്യയും റഷ്യയും ആഗ്രഹിക്കുന്നു. ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുന്നത് അവസാനിപ്പിക്കുക, ഭീകരതാസിദ്ധാന്തങ്ങളുടെ പ്രചാരണം തടയുക, റിക്രൂട്ട്മെന്‍റുകള്‍ അവസാനിപ്പിക്കുക, അതിര്‍ത്തി കൈകാര്യം ഫലപ്രദമാക്കുക, ഭീകരരെ കൈമാറ്റം ചെയ്യല്‍, ഇതു സംബന്ധിച്ച നിയമങ്ങള്‍ എന്നിവ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രസ്താവനയില്‍ ഉന്നയിച്ചു.
ആധുനിക വിവരവിനിമയ സാങ്കേതിക വിദ്യകള്‍ സുരക്ഷാപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇതിന്‍െറ നിയന്ത്രണത്തിന് ലോകതലത്തില്‍ പ്രാവര്‍ത്തികമാക്കാവുന്ന നിബന്ധനകള്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതുസംബന്ധിച്ച ഇന്ത്യ-റഷ്യ സഹകരണകരാറിനെ പ്രസ്താവന സ്വാഗതം ചെയ്തു.
കൂട്ട നശീകരണായുധങ്ങളുടെ വ്യാപനം തടയുന്നതില്‍ ഇരുരാജ്യങ്ങളും ഒരേ നിലപാടുകാരാണ്. നിരായുധീകരണം, ആണവ നിര്‍വ്യാപനം എന്നീ വിഷയങ്ങളിലും ഉത്തരവാദ നിലപാടാണ് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയും റഷ്യയും സ്വീകരിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.