വിവാഹദിവസം നട്ടെല്ലിന് പരിക്കേറ്റ് വധു ആശുപത്രി കിടക്കയിൽ; ആശുപത്രി സാക്ഷിയായത് അപൂർവ നിമിഷത്തിന്
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ പ്രയാഗ്രാജിലെ ആശുപത്രി സാക്ഷിയായത് ഒരു അപൂർവ നിമിഷത്തിനായിരുന്നു. ആശുപത്രിയിൽ കിടക്കയിൽ ഒരു വിവാഹം. വിവാഹദിവസം അബദ്ധത്തിൽ വീടിൻെറ മുകളിൽനിന്ന് താഴേക്ക് വീണ പെൺകുട്ടിക്കായി ആശുപത്രി കിടക്ക വിവാഹവേദിയാക്കുകയായിരുന്നു.
വീടിൻെറ മുകളിൽനിന്ന് വീണ പെൺകുട്ടിയുടെ നട്ടെല്ലിനും കാലുകൾക്കും പരിക്കേറ്റതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നിശ്ചയിച്ച വിവാഹം മാറ്റേണ്ടെന്ന് വരനും വധുവും നിശ്ചയിച്ചതോടെ ആശുപത്രി വിവാഹവേദിയായി. ഡോക്ടറുടെ നിർദേശം ആരാഞ്ഞ ശേഷമായിരുന്നു വിവാഹ ചടങ്ങുകൾ.
പെൺകുട്ടി വിവാഹത്തിന് സമ്മതം നൽകിയതോടെ ആശുപത്രിയിൽ വിവാഹ ചടങ്ങുകൾ നടത്താൻ അനുമതി നൽകുകയായിരുന്നുവെന്ന് ഡോ. സച്ചിൻ സിങ് പറഞ്ഞു.
'വധു അബദ്ധത്തിൽ വീടിൻെറ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. നെട്ടല്ലിന് ചെറിയ പരിക്കേൽക്കുകയും ചെയ്തു. പെൺകുട്ടിയുടെ കാലുകൾ ഇപ്പോൾ അനക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പെൺകുട്ടി വിവാഹത്തിന് അനുമതി നൽകിയതോടെ വിവാഹചടങ്ങുകൾ ആശുപത്രിയിൽ നടത്താൻ അനുമതി നൽകുകയായിരുന്നു. പരിക്കുള്ളതിനാൽ കാലുകൾ അനക്കരുതെന്ന് നിർദേശം നൽകിയിരുന്നു' ഡോക്ടർ പറഞ്ഞു.
പെൺകുട്ടി ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ് വിവാഹ ചടങ്ങുകളിൽ പങ്കുചേർന്നത്.
സംഭവിച്ചതെന്തായാലും അത് വിധിയാണ്. കഷ്ടകാല സമയത്ത് അവൾക്കൊപ്പം ഉണ്ടാകാനും പിന്തുണക്കാനും ഞാൻ തീരുമാനിക്കുകയായിരുന്നു -വരൻ അവ്ദേശ് പറഞ്ഞു.
ആദ്യം ഭയം തോന്നിയിരുന്നുവെന്നായിരുന്നു വധു ആർതിയുടെ പ്രതികരണം. എന്നാൽ ഭർത്താവ് താൻ സുഖം പ്രാപിച്ചില്ലെങ്കിലും തനിക്കൊപ്പം ഉണ്ടാകുമെന്ന് ആത്മവിശ്വാസം നൽകിയതോടെ വിവാഹത്തിന് തയാറാകുകയായിരുന്നുവെന്നും അവർ പറഞ്ഞു. വിവാഹത്തിന് വധുവിൻെറയും വരൻെറയും ബന്ധുക്കളും ആശംസയുമായി ആശുപത്രിയിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.