വധു കല്യാണത്തിന് വന്നത് ബോണറ്റിൽ ഇരുന്ന്; വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലീസ്
text_fieldsപുണെ: വിവാഹവുമായി ബന്ധപ്പെട്ട എന്തും വ്യത്യസ്തവും വൈറലും ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. സേവ് ദി ഡേറ്റ് മുതൽ ഹണിമൂൺ വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് നടത്തി ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വിവാഹത്തിൽ അൽപം വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമത്തിനിടയിൽ നിയമക്കുരുക്കിൽപ്പെട്ടിരിക്കുകയാണ് മഹാരാഷ്ട്രയിൽ ഒരു യുവതി. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് എസ്.യു.വിയുടെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തതാണ് പുണെക്കടുത്ത് ഭോസരിയിൽ നിന്നുള്ള വധുവിന് പാരയായത്. ഇതിന്‍റെ വീഡിയോ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
23കാരിയായ ശുഭാംഗി ശാന്താറാം ജറാൻഡെ ആണ് സസ്വാദിലുള്ള സിദ്ധേശ്വർ കല്യാണ മണ്ഡപത്തിലേക്ക് സ്കോർപിയോയുടെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തത്. സ്കോർപിയോയിൽ യാത്ര ചെയ്തിരുന്ന ശുഭാംഗി വീഡിയോഗ്രാഫർമാരുടെ നിർദേശപ്രകാരം അലങ്കരിച്ച വാഹനത്തിന്‍റെ ബോണറ്റിൽ കയറി ഇരിക്കുകയായിരുന്നു. ബൈക്കിൽ ഇരുന്ന് വീഡിയോഗ്രാഫർമാർ ഇത് പകർത്തുകയും ചെയ്തു.
കുറച്ചുദൂരമേ യാത്ര ചെയ്തുള്ളൂവെങ്കിലും ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിയമലംഘനം നടത്തിയതിന്റെ പേരിൽ വധുവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ട്രാഫിക് നിയമം തെറ്റിച്ചതിനും അപകടകരമായി വാഹനമോടിച്ചതിനും ഉദ്യോസ്ഥരുടെ നിർദേശങ്ങൾ പാലിക്കാത്തതിനും പ്രോട്ടോകോൾ തെറ്റിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ടെന്ന് ലോണി കൽഭോർ പൊലീസ് സ്റ്റേഷൻ സീനിയർ പൊലീസ് ഇൻസ്പെക്ടർ രാജേന്ദ്ര മൊകാഷി പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെയാണ് വധു യാത്ര ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓടുന്ന ബൈക്കിന്‍റെ പിന്നിൽ തിരിഞ്ഞിരുന്ന് ഈ ദൃശ്യങ്ങൾ അപകടകരമാം വിധം ക്യാമറയിൽ പകർത്തി വീഡിയോഗ്രാഫറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.