ഊട്ടി-ഗൂഡല്ലൂർ പാതയിൽ പാലം ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു
text_fieldsഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ മേലെ ഗൂഡല്ലൂർ സെൻറ് മേരീസ് ചർച്ചിന് സമീപത്തെ വളവിലെ പാലം ഇടിഞ്ഞ് അപകട ഭീഷണിയിലായപ്പോൾ
ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ മേലെ ഗൂഡല്ലൂർ സെൻറ് മേരീസ് ചർച്ചിന് സമീപത്തെ വളവിലെ പാലം ഇടിഞ്ഞ് അപകട ഭീഷണിയിലായതിനാൽ ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ട് രാഹുൽഗാന്ധിയും സംഘവും കടന്നുപോയി മണിക്കൂറുകൾക്ക് ശേഷമാണ് ഈ പാലം ഒരു ഭാഗം ഇടിഞ്ഞ് ഗതാഗതത്തിന് ഭീഷണിയായത്.
കാലപ്പഴക്കംചെന്ന പഴയപാലം നിലനിർത്തി സമീപത്തുകൂടെ മറ്റൊരു പാലം നിർമിക്കുന്നതിന് പണികൾ നടന്നുവരികയാണ്. ദേശീയപാത വികസന അതോറിറ്റിയുടെ കീഴിലുള്ള കരാറുകാരാണ് പണി ഏറ്റെടുത്ത് നടത്തുന്നത്. അതേസമയം, പണി നടക്കുമ്പോൾ പഴയ പാലത്തിന്‍റെ ഉറപ്പും മറ്റും പരിശോധിക്കുകയോ താങ്ങുകൾ സ്ഥാപിക്കാത്തതോ മൂലമാണ് ഇപ്പോൾ ഈ അപകട ഭീഷണി ഉണ്ടായതെന്ന് ഡ്രൈവർമാരും മറ്റും ആരോപിക്കുന്നു.
പാതയിലെ ഗതാഗത തടസ്സം മൂലം കർണാടക, കേരളം എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര ബസ്സുകൾ അടക്കം കുടുങ്ങിയ സ്ഥിതിയിലാണ്. നടുവട്ടത്തിൽ നിന്ന് സിമൻറ് റിങ്ങുകൾ കൊണ്ടുവന്ന് താൽക്കാലികമായി പാത ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാമെങ്കിലും അപകടസാധ്യത കണക്കിലെടുത്ത് ഇന്നലെ വൈകീട്ട് വരെ പൊലീസ് ഒരു വാഹനങ്ങളും കടത്തിവിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.